ഷാര്‍ജയില്‍ നടന്ന വനിതാ ടി20 ലോകകപ്പിലെ നിര്‍ണായകമത്സരത്തില്‍ പരാജയം വഴങ്ങി ഇന്ത്യന്‍ വനിതകള്‍. ഓസീസിനെതിരായ മത്സരത്തില്‍ 9 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ സംഘത്തിന് 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് 47 പന്തില്‍ നിന്നും പുറത്താകാതെ 54 റണ്‍സെടുത്തെങ്കിലും മറ്റൊരു ബാറ്ററും താരത്തിന് പിന്തുണ നല്‍കിയില്ല. ഓസീസിനായി ഗ്രേസ് ഹാരിസ്(40), തഗ്ലിയ മഗ്രാത്(32), എല്ലിസ് പെറി(32) എന്നിവര്‍ തിളങ്ങി. തോല്‍വിയോടെ ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. തിങ്കളാഴ്ച നടക്കുന്ന പാകിസ്ഥാന്‍- ന്യൂസിലന്‍ഡിലെ മത്സരഫലത്തെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ ഇന്നിയുള്ള സാധ്യത.
നിലവില്‍ ഗ്രൂപ്പ് എ യിലെ പോയന്റ് പട്ടികയില്‍ 4 മത്സരങ്ങളില്‍ നിന്നും 4 പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. 3 മത്സരങ്ങളില്‍ 4 പോയന്റുകളുള്ള ന്യൂസിലന്‍ഡ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുകയാണെങ്കില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താന്‍ ഇന്ത്യന്‍ സംഘത്തിനാകും. അതേസമയം പാകിസ്ഥാന്‍ വലിയ മാര്‍ജിനിലാണ് വിജയിക്കുന്നതെങ്കില്‍ പാകിസ്ഥാനാകും സെമിയില്‍ യോഗ്യത നേടുക. കരുത്താരായ ന്യുസിലന്‍ഡിനെതിരെ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വിരളമാണ്.