ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ്(46) കാറപകടത്തിൽ മരിച്ചു. ശനിയാഴ്‌ച രാത്രിയോടെ ക്വീൻസ്‌ലാൻഡിലെ ടൗൺസ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ഓസ്ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിനമത്സരങ്ങളിം കളിച്ചിട്ടുണ്ട്. 14 ട്വെന്റി 20 മത്സരങ്ങളിൽ ഓസീസിനായി പാഡണിഞ്ഞു. ഓസീസ് ടീമിന്റെ എക്കാലത്തെയും മികച്ച ഇലവനിൽ മധ്യനിരയിൽ സ്ഥാനം പിടിച്ചിരുന്ന സൈമണ്ട്‌സ് എതിർടീമിന്റെ നെഞ്ചിടിപ്പ് കൂട്ടിയ താരമായിരുന്നു.
ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്‌ൻ വോണിന്റെയും റോഡ് മാർഷിന്റെയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസീസ് ക്രിക്കറ്റിന് മറ്റൊരു ആഘാതമാണ് സൈമണ്ട്‌സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ നേടിയ ഓസീസ് ടീമിന്റെ പ്രധാനതാരമായിരുന്നു താരം.
198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്‌സ് 337 റണ്‍സും എട്ടു വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 1998 പാകിസ്ഥാനെതിരെ അരങ്ങേറിയ താരം 2009ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.