പരാജയപ്പെട്ടാൽ പുറത്തേയ്ക്ക്, വിജയിക്കാനായാൽ രാജസ്ഥാൻ ഉൾപ്പടെയുള്ള ടീമുകൾക്ക് ഭീഷണി, ചെന്നൈ യോഗ്യത നേടാനും സാധ്യത!
ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികൾ ഏതെന്ന് ഏത് ക്രിക്കറ്റ് പ്രേമിയോട് ചോദിക്കുകയാണെങ്കിലും ചെന്നൈ, അല്ലെങ്കിൽ മുംബൈ എന്നല്ലാതെ മറ്റൊരു ഉത്തരം ലഭിക്കാൻ സാധ്യത കുറവാണ്. പതിനഞ്ചാമത് ഐപിഎൽ സീസണിൽ മോശം തുടക്കത്തോടെയാണ് ആരംഭിച്ചതെങ്കിലും ഇപ്പോഴും ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ പൂർണമായി അവസാനിച്ചിട്ടില്ല.
ഐപിഎല്ലിലെ ചിരവൈരികളായ മുംബൈ ടൂർണമെന്റിൽ നിന്നും പുറത്തായ ആദ്യ ടീമായപ്പോൾ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ സാങ്കേതികമായി ഇപ്പോഴും സജീവമാണ്. ഇന്ന് മുംബൈയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ചെന്നൈയ്ക്കാവും. അതേസമയം പരാജയപ്പെടുകയാണെങ്കിൽ ടൂർണമെന്റിൽ പുറത്താകുന്ന രണ്ടാമത്തെ ടീമായി ചെന്നൈ മാറും.
പതിനഞ്ചിന് ഗുജറാത്ത് ടൈറ്റൻസുമായും 20ന് രാജസ്ഥാൻ റോയൽസുമായുമാണ് ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങൾ. നിലവിൽ ഒമ്പതാമതെങ്കിലും 3 മത്സരങ്ങളും വിജയിക്കാനായാൽ പതിനാല് പോയന്റുകളോടെ രാജസ്ഥാൻ, ബാംഗ്ലൂർ ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾക്ക് വെല്ലുവിളി ഉയർത്താൻ ചെന്നൈയ്ക്ക് കഴിയും.