15.25 കോടി ‌ഞാൻ ചോദിച്ച് വാങ്ങിയതല്ല, ടീം എനിക്ക് തന്നതാണ്: വിമർശനങ്ങളെ കാര്യമാക്കുന്നില്ല: ഒടുവിൽ പ്രതികരിച്ച് ഇഷാൻ കിഷൻ

ബുധന്‍, 11 മെയ് 2022 (20:20 IST)
ഐപിഎൽ പതിനഞ്ചാം സീസണിൽ 15.25 കോടി രൂപയ്ക്കാണ് ഇഷാൻ കിഷനെ മുംബൈ ഇന്ത്യൻസ് ടീമിൽ നിലനിർത്തിയത്. പോയ സീസണുകളിൽ മുംബൈയ്ക്കായി മികച്ച പ്രകടനം നടത്തിയ ഇഷാൻ കിഷന് പക്ഷേ മുൻ സീസണുകളിലേത് പോലെ തിളങ്ങാൻ ഇത്തവണ ആയിരുന്നില്ല. ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന ലേബലിലെത്തിയ താരത്തിനെതിരെ ഇതോടെ വലിയ വിമർശനമാണ് ഉയരുന്നത്.ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം.
 
ഒന്ന് രണ്ട് ദിവസം മാത്രമെ പ്രൈസ് ടാഗിന്റെ സമ്മർദ്ദം നമുക്കുള്ളിൽ നിൽക്കുകയുള്ളു. ഞാൻ രോഹിത്തിനോടും കോഹ്‌ലിയോടും ഹര്‍ദിക്കിനോടും സംസാരിച്ചപ്പോൾ പ്രൈസ് ടാഗിനെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നാണ് അവർ പറഞ്ഞത്.കാരണം ഈ പണം ഞാന്‍ ചോദിച്ച് വാങ്ങിയതല്ല. എന്നില്‍ വിശ്വാസം വെച്ച് ടീം ചിലവാക്കിയതാണ്.
 
ഈ ലെവലിൽ കളിക്കുമ്പോൾ ഇത്തരം കാര്യങ്ങളല്ല ചിന്തിക്കേണ്ടത്. പകരം ടീമിനെ എങ്ങനെ സഹായിക്കാം എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. പ്രൈസ് ടാഗിന്റെ ഭാരം ഏതാനും ദിവസം ഉണ്ടായേക്കാം. എന്നാൽ മുതിർന്ന താരങ്ങളോട് സംസാരിക്കുന്നതും അവരുടെ ഉപദേശങ്ങ‌ളും അതിൽ നിന്നും പുറത്ത് കടക്കാൻ സഹായിക്കും. ഇഷാൻ പറഞ്ഞു.
 
സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 321 റൺസാണ് ഇത്തവണ ഇഷാൻ നേടിയത്.3 അർധസെഞ്ചുറികൾ ഇതിൽ പെടുന്നു. പുറത്താകാതെ നേടിയ 81 റൺസാണ് സീസണിലെ താരത്തിന്റെ ഉയർന്ന സ്കോർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍