'മഹാവൈഭവം' എന്നാണ് പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ കമല്‍ വരദൂര്‍ വൈഭവിന്റെ ചരിത്ര ഇന്നിങ്‌സിനെ വിശേഷിപ്പിച്ചത്. ഗുജറാത്തിനായി പന്തെറിഞ്ഞത് ചില്ലറക്കാരല്ല, ഇന്ത്യയുടെ പ്രധാന പേസറായ മുഹമ്മദ് സിറാജ്, ഒരുകാലത്ത് ബാറ്റര്‍മാരെ വിറപ്പിച്ചിരുന്ന ഇഷാന്ത് ശര്‍മ, ഗുജറാത്തിനായി ഈ സീസണില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന പ്രസിദ് കൃഷ്ണ, പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയാകുന്ന റാഷിദ് ഖാന്‍ തുടങ്ങി വൈഭവിനെതിരെ എറിഞ്ഞവരെല്ലാം വമ്പന്‍മാര്‍. എന്നിട്ടും ഒരു കൂസലില്ലാതെ വൈഭവ് ക്രീസില്‍ ചെലവഴിച്ചു.
വ്യക്തിഗത സ്‌കോര്‍ 94 ല്‍ നില്‍ക്കുമ്പോള്‍ സാക്ഷാല്‍ റാഷിദ് ഖാനെ സിക്‌സര്‍ പറത്തിയാണ് വൈഭവ് സെഞ്ചുറി തികച്ചത്. ഗുജറാത്തിന്റെ എല്ലാ ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനായിരുന്നു റാഷിദ് ഖാന്‍. എല്ലാവരും പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുത്തപ്പോഴും റാഷിദ് ഖാനെ ആക്രമിച്ചു കളിക്കുക പ്രയാസമായിരുന്നു. അവിടെയാണ് വൈഭവ് തന്റെ 'മഹാവൈഭവം' അതിന്റെ ഉച്ചസ്ഥായിയില്‍ ക്രിക്കറ്റ് ആരാധകര്‍ക്കു കാണിച്ചുകൊടുത്തത്. കളി പൂര്‍ണമായി രാജസ്ഥാന്റെ വരുതിയില്‍ വന്ന സമയമായിരുന്നു അത്. റാഷിദ് ഖാനെ സൂക്ഷിച്ചു കളിച്ച് കരിയറിലെ നാഴികകല്ലാകുന്ന സെഞ്ചുറിക്കു വേണ്ടി ക്ഷമയോടെ നീങ്ങാമായിരുന്നു. എന്നാല്‍ റാഷിദിനെ ആക്രമിച്ചു കളിക്കാനായിരുന്നു വൈഭവിന്റെ തീരുമാനം.
35 പന്തുകളില്‍ നിന്നാണ് വൈഭവിന്റെ സെഞ്ചുറി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ രണ്ടാം സെഞ്ചുറി. 2013 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 30 പന്തില്‍ സെഞ്ചുറി നേടിയ ക്രിസ് ഗെയ്ല്‍ ആണ് ഒന്നാം സ്ഥാനത്ത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 2010 ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി യൂസഫ് പത്താന്‍ 37 ബോളില്‍ നേടിയ സെഞ്ചുറിയാണ് വൈഭവ് ഏഴ് പന്തുകള്‍ക്ക് മുന്‍പ് മറികടന്നത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ സെഞ്ചുറിയും വൈഭവ് സ്വന്തം പേരിലാക്കി.