ഒരു 13കാരനെങ്ങനെ ഇത്ര വലിയ സിക്സ് നേടാനാകും, വൈഭവ് സൂര്യവൻഷിയുടെ പ്രായത്തെ ചോദ്യം ചെയ്ത് മുൻ പാക് താരം

അഭിറാം മനോഹർ

ചൊവ്വ, 10 ഡിസം‌ബര്‍ 2024 (19:34 IST)
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്കായി തിളങ്ങിയ 13കാരനായ വൈഭവ് സൂര്യവന്‍ഷിയുടെ പ്രായത്തെ ചോദ്യം ചെയ്ത് മുന്‍ പാക് താരമായ ജുനൈദ് ഖാന്‍. 13 വയസ് മാത്രമുള്ള ഒരു താരത്തിന് എങ്ങനെ ഇത്ര വലിയ സിക്‌സുകള്‍ നെടാനാകുമെന്ന് വൈഭവ് ശ്രീലങ്കയുടെ പേസര്‍ ദുല്‍നിത് സിഗേരയെ സിക്‌സ് അടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ജുനൈദ് ചോദിക്കുന്നു.
 
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ആദ്യ 2 കളികളില്‍ തിളങ്ങാനാവാതിരുന്ന വൈഭവ് പിന്നീട് തുടര്‍ച്ചയായ 2 അര്‍ധസെഞ്ചുറികള്‍ നേടികൊണ്ട് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ തിളങ്ങാന്‍ വൈഭവിനായില്ല. ഇതിന് പിന്നാലെയാണ് ജുനൈദ് ഖാന്‍ വൈഭവിന്റെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച് പോസ്റ്റിട്ടത്.
 
 ഇന്ത്യയിലും വൈഭവിന്റെ പ്രായത്തെ പറ്റി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനോട് ഏത് തരത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണെന്നായിരുന്നു വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവന്‍ഷി പ്രതികരിച്ചത്. എട്ടര വയസില്‍ തന്നെ വൈഭവ് ബിസിസിഐ പ്രായം നിര്‍ണയിക്കാനായി നടത്തുന്ന അസ്ഥി പരിശോധനയ്ക്ക് വിധേയനായതാണെന്നും ഇനിയും പരിശോധനകള്‍ക്ക് തയ്യാറാണെന്നുമാണ് സഞ്ജീവ് സൂര്യവന്‍ഷി വ്യക്തമാക്കിയത്. ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടിയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍