ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമയും ഒരുപാട് നാളുകൾക്ക് മുന്നേ വാർത്തകളിൽ ഇടം പിടിച്ചവരാണ്. ഇരുവരുടെയും ബന്ധം മാധ്യമങ്ങള്‍ ഒരുപാട് ആഘോഷിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അന്നൊക്കെ വിരാടുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറയാതിരുന്നതെന്ന് അനുഷ്ക പറയുന്നു.
അഭിമുഖങ്ങളിലും പൊതുവേദികളിലും വിരാട് കോലിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞു മാറിയത് മന:പൂര്‍വ്വമാണെന്ന് അനുഷ്‌ക പറയുന്നു. വിവാഹത്തിനുശേഷം ഒരു ദേശിയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആ ഒഴിഞ്ഞു മാറലിന്റെ കാരണം അനുഷ്ക വെളിപ്പെടുത്തിയത്.
‘ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എവിടെപ്പോയാലും എല്ലാവർക്കും അറിയേണ്ടത് വിരാടുമായുള്ള ബന്ധത്തെക്കുറിച്ചാണ്. എല്ലായ്പ്പോഴും എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനാണ് അവര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. എന്നാൽ, അതുകൊണ്ട് ആ സിനിമയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടില്ല. അതുകൊണ്ടാണ് വിരാടിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയത്'. - അനുഷ്ക പറയുന്നു.