ടെസ്റ്റ് ടീം റിട്ടയര്‍മെന്റിന്റെ വക്കിലാണ്, പ്രതീക്ഷ നല്‍കുന്ന താരങ്ങളായി ഗില്ലും പന്തും സിറാജും മാത്രം

Webdunia
ബുധന്‍, 14 ജൂണ്‍ 2023 (20:51 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ പ്രതിസന്ധിയുടെ വക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നിലവിലെ ടെസ്റ്റ് ടീം നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ചേതേശ്വര്‍ പുജാരയും രവീന്ദ്ര ജഡേജയും രാഹാനെയുമടക്കമുള്ള പ്രധാന താരങ്ങളെല്ലാം തന്നെ വിരമിക്കലിന്റെ വക്കിലുള്ള താരങ്ങളാണ്. അടുത്ത 34 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതോടെ വലിയ ശൂന്യതയാകും ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.
 
ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന ബാറ്റര്‍മാരെല്ലാം തന്നെ 35 വയസിന്റെ വക്കിലാണ്. 3638 വയസ്സാണ് പൊതുവെ ക്രിക്കറ്റ് താരങ്ങള്‍ വിരമിക്കുന്ന പ്രായം എന്നതിനാല്‍ തന്നെ വരും വര്‍ഷങ്ങളില്‍ താരങ്ങളുടെ ഒരു കൊഴിഞ്ഞുപോക്കാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പ്രതീക്ഷ നല്‍കുന്ന ഒരുപാട് താരങ്ങളുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍,റിഷഭ് പന്ത് എന്നീ താരങ്ങളെയല്ലാതെ ഒരു ബാറ്ററെയും വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. ടെസ്റ്റില്‍ താരതമ്യേന മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ഇതെല്ലാം കൊണ്ട് തന്നെ വരുന്ന വര്‍ഷങ്ങളില്‍ ഒരു യുവനിരയെ ഒരുക്കിയെടുക്കുക എന്നതാകും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.
 
ടെസ്റ്റില്‍ പരിചയസമ്പന്നനായ കെ എല്‍ രാഹുല്‍, ഗെയിം ചെയ്ഞ്ചറായ റിഷഭ് പന്ത് എന്നിവരുടെ പരിക്ക് വലിയ രീതിയിലാണ് ഇന്ത്യയെ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ബാധിക്കുക. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷ എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും ടെസ്റ്റില്‍ ഇതുവരെ തന്റെ കഴിവ് പൂര്‍ണ്ണമായി തെളിയിക്കാന്‍ ശുഭ്മാന്‍ ഗില്ലിനായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്ക്‌വാദ് തുടങ്ങിയ താരങ്ങള്‍ക്ക് ടെസ്റ്റില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല.
 
വരാനിരിക്കുന്ന ടീമിലെ കൊഴിഞ്ഞുപോക്ക് പരിഗണിച്ച് കൊണ്ട് പുതിയ താരങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെങ്കില്‍ 34 വര്‍ഷം കഴിയുമ്പോള്‍ വലിയ പ്രതിസന്ധിയാകും ഇന്ത്യ നേരിടേണ്ടി വരിക. ടെസ്റ്റില്‍ ബാറ്റര്‍മാര്‍ എന്ന നിലയില്‍ ഒരുപിടി താരങ്ങള്‍ പുറത്ത് നില്‍ക്കുന്നുണ്ട് എന്ന പ്രതീക്ഷയുണ്ടെങ്കില്‍ ബൗളര്‍മാരുടെ നിര ഒരു അക്‌സര്‍ പട്ടേലിലും മുഹമ്മദ് സിറാജിലും അവസാനിക്കുകയാണ്. ബുമ്രയ്ക്കും സിറാജിനും ശേഷം പ്രതീക്ഷയര്‍പ്പിക്കാവുന്ന ബൗളര്‍മാരെ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഇതും വരും കാലങ്ങളില്‍ ടീമിന് കടുത്ത വെല്ലുവിളിയാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article