മമ്മൂട്ടിയുടെ ഡാഡി കൂളില്‍ തുടങ്ങി കുമ്പളങ്ങി നൈറ്റ്‌സ്,സൂഫിയും സുജാതയും വരെ,സമീറ സനീഷയെ കുറിച്ച് 'പുഴു' ടീം

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (08:55 IST)
മമ്മൂട്ടി-പാര്‍വതി ചിത്രം പുഴു ഈയടുത്താണ് ചിത്രീകരണം പൂര്‍ത്തിയായത്. 
സിനിമയിലെ ഓരോ പ്രമുഖരെയും പരിചയപ്പെടുത്തുകയാണ് നിര്‍മ്മാതാക്കള്‍. സിനിമയില്‍ അനുഭവസമ്പത്തുള്ള ഒരു ടീം തന്നെ പുഴുവിലുണ്ട്. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി സംവിധായക റത്തീന തന്നെയാണ് അക്കൂട്ടത്തില്‍ ആദ്യം.കര്‍ണ്ണന്‍, താരാമണി, പാവ കഥൈകള്‍, നാച്ചിയാര്‍, അച്ചമെന്‍പത് മടമൈയെടാ, മേര്‍ക്കു തൊടര്‍ച്ചി മലൈ, പേരന്‍പ് എന്നിവ ചിത്രീകരിച്ച തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍.സമീറ സനീഷാണ് പുഴുവിന്റെ വസ്ത്രാലങ്കാരത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്. അവരെ കുറിച്ച് പറയുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
'വസ്ത്രാലങ്കാരം ഒരു സിനിമയെ അവിസ്മരണീയമാക്കുന്നതിലും കഥാപാത്രങ്ങളെ കാലാതീതമായി നിലനിര്‍ത്തുന്നതിലും അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഒരു ദശാബ്ദത്തില്‍ അധികമായി മലയാള സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേറിട്ട വേഷപകര്‍ച്ച നല്‍കുന്ന ഒരു അതുല്യ കലാകാരി. കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലെ പ്രത്യേകതകളിലൂടെ എല്ലാ കഥകളേയും കഥാപാത്രങ്ങളെയും പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്ന സമീറ സനീഷാണ് പുഴുവിന്റെ വസ്ത്രാലങ്കാരത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്. 
 
തന്റെ അടുത്തെത്തുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും അനിവാര്യമായ വസ്ത്രാലങ്കാരം രൂപകല്‍പ്പന ചെയ്ത് മലയാളസിനിമ മേഖലയില്‍ തന്റെതായ കയ്യൊപ്പു പതിപ്പിച്ച വ്യക്തിയാണ് സമീറ.
 
ശ്രീ മമ്മൂട്ടി ചിത്രമായ ഡാഡി കൂളിലൂടെയാണ് സമീറ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. പിന്നീട് സോള്‍ട്ട് & പെപ്പര്‍, ചാര്‍ളി, ഇയ്യോബിന്റെ പുസ്തകം, കമ്മാര സംഭവം, അതിരന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ്, സൂഫിയും സുജാതയും എന്നിങ്ങനെ പോകുന്നു ഈ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍.
 
പുഴുവിലെ കഥാപാത്രങ്ങള്‍ക്ക് ആവശ്യവും അനുയോജ്യമായ വസ്ത്രങ്ങള്‍ തന്റെ അനുഭവവും വൈദഗ്ധ്യവും കൊണ്ട് ആകര്‍ഷകമായി ഇഴ ചേര്‍ത്ത ഈ കലാകാരിയുടെ സൃഷ്ടികള്‍ക്കായി കാത്തിരിക്കാം.'-പുഴു ടീം കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article