കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും തിരിച്ചടി. താരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീളാന്‍ സാധ്യത. ഇതോടെ സല്‍മാന്‍ കുറച്ചുദിവസം കൂടി ജയിലില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ്, ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റിയതാണ് താരത്തിന് തിരച്ചടിയായി മാറിയത്. ഇന്നാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. നാളെ കോടതി അവധിയുമാണ്. ഇതോടെ ഇനി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീളുമെന്നാണ് വിവരം.
കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അഞ്ച് വര്‍ഷം തടവിനു വിധിക്കപ്പെട്ട താരം ജോധ്പൂര്‍സെന്‍ട്രല്‍ ജയിലിലാണ്. രാജാസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് സല്‍മാനെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
എല്ലാ തടവുകാര്‍ക്കും ലഭിക്കുന്ന പരിഗണ മാത്രമാണ് സല്‍മാനും ജയിലില്‍ ഉള്ളതെന്ന് ജയില്‍ സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു. ചൂട് ശക്തമായതിനാല്‍ അദ്ദേഹത്തിന് ഒരു ഫാന്‍ നല്‍കിയിട്ടുണ്ട്. തറയില്‍ കിടന്നാണ് ഉറക്കമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം തടവും ആയിരം രൂപ പിഴയുമാണ് അദ്ദേഹത്തിന് വിധിച്ചത്. താരത്തിനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.
വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനെതിരെ കുറ്റം.