അമ്പലത്തിലെ പ്രസാദം കഴിച്ച രണ്ട് പേര്‍ മരിച്ചു; 37 പേര്‍ക്ക് ഭക്ഷ്യവിഷബാധ
വെള്ളി, 6 ഏപ്രില്‍ 2018 (14:55 IST)
ക്ഷേത്ര പൂജയ്ക്കിടെ നല്‍കിയ പ്രസാദം കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമെന്ന് അധിക്രതര്‍ അറിയിച്ചു. കോയമ്പത്തൂരിലെ മേട്ടുപ്പളയത്തിനടുത്തുള്ള അമ്പലത്തില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.
നാടാര്‍കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ ഭാഗമായി ഗണപതിഹോമത്തിനുള്ള അവല്‍ പ്രസാദം ഉണ്ടാക്കിയിരുന്നു. ഇതില്‍ ചേര്‍ത്ത വിളക്ക് നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് പൊലീസ് അറിയിച്ചു.
പ്രസാദം കഴിച്ച് മണിക്കൂറുകള്‍ക്കകം ലോകനായകിയും സാവിത്രിയും ആശുപത്രിയില്‍ എത്തിയിരുന്നു. ഇവര്‍ക്ക് തലവേദനയും ചര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എത്തിയത്. പക്ഷേ ഇവരെ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ മറ്റുള്ളവരും ആശുപത്രിയില്‍ എത്തുകയായിരുന്നു.