‘ഈ വൃത്തികെട്ടവനെതിരേ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല‘ - നയൻ‌താരയെ അപമാനിച്ച രാധാരവിക്കെതിരെ വിഘ്നേഷ് ശിവ

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (09:04 IST)
രാജ്യത്തെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസിലെ ഇരകളെയും നടി നയന്‍താരയെയും പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ച രാധ രവിയ്ക്കെതിരെ തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ആരും ആക്ഷൻ എടുക്കാത്തതിനെതിരെ നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവന്‍ രംഗത്ത് .
 
വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുവരുന്ന ഈ വൃത്തികെട്ടവനെതിരേ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത കഷ്ടമാണ്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ ഇനിയും അയാള്‍ അത് ചെയ്തുകൊണ്ടിരിക്കും. ബുദ്ധിശൂന്യന്‍, ഇതെല്ലാം കണ്ട് ചിലര്‍ കൈയടിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വല്ലാത്ത വേദനയുണ്ട്’-വിഘ്നേഷ് ശിവന്‍ ട്വീറ്റ് ചെയ്തു.
 
പൊതുവേദിയില്‍ എന്തും വിളിച്ചു പറയാനുള്ള ധൈര്യം ഇത്തരം ആളുകള്‍ക്ക് നല്‍കരുതെന്ന് വിഘ്നേഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
 
രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനക്കേസിനെക്കുറിച്ച് രാധാ രവി നടത്തിയ പരാമര്‍ശങ്ങള്‍ വളരെ മോശമായിരുന്നു. ‘പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും ഞാന്‍ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.’ - ഈ പരാമർശം ഏറെ വിവാദമാവുകയും ചെയ്തിരിക്കുകയാണ്. 
 
പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുന്നതായിരുന്നു രാധാ രവിയുടെ അടുത്ത പരാമര്‍ശം.’ഇക്കാലത്ത് ബിഗ് ബജറ്റ് സിനിമകളും സ്‌മോള്‍ ബജറ്റ് സിനിമകളും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാവില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതു പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസം.’
 
‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. അവരുടെ വ്യക്തി ജീവിതത്തിൽ മോശപ്പെട്ട കാര്യങ്ങൾ ഒരുപാടുണ്ടായിട്ടും ഇപ്പോഴും അവർ സിനിമയിൽ നിക്കുന്നു. അതിന് കാരണം, തമിഴ്‌നാട്ടുകാർ പെട്ടന്ന് എല്ലാം മറക്കുന്നു എന്നതാണ്. തമിഴ്‌ സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും.‘
 
‘കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം’ - രാധാരവി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article