വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ ഭീതി വിതച്ച കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയെങ്കിലും ജില്ലയില്‍ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളില്‍ വനം വകുപ്പ് പ്രത്യേക സംഘം ഇന്നും നാളെയുമായി പരിശോധന തുടരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് മലയോര ജനതയ്ക്കും പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്കും അങ്ങേയറ്റം ആശ്വാസകരമാണ്. കടുവയെ പിടികൂടാന്‍ ജീവന്‍ അപകടത്തില്‍പ്പെടുത്തിയും ആത്മാര്‍ത്ഥ ശ്രമം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. പക്ഷേ, ഇതുകൊണ്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സംഘത്തിന്റെ ജോലി അവസാനിക്കുന്നില്ല. കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റ് പ്രദേശങ്ങളിലും തെരച്ചില്‍ തുടരാനുള്ള ഓപ്പറേഷന്‍ പദ്ധതി തയ്യാറാക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും വയനാട് ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, മന്ത്രി വ്യക്തമാക്കി. തുടര്‍നടപടികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
പഞ്ചാരകൊല്ലിയില്‍ സംഭവിച്ചത് പോലെയുള്ള വിഷയങ്ങളില്‍ പെട്ടെന്ന് നൂറു ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കപ്പെടുകയും ഭരണകൂടം തിരുത്തല്‍ നടത്തുകയും ചെയ്യും. എന്നാല്‍, ജനങ്ങളുടെ മനസ്സില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ച് ഇപ്പോഴും നേരത്തെയുള്ള ചിത്രമാണുള്ളത്. പഞ്ചാരക്കൊല്ലിയിലെ ദൗത്യം രാപ്പകലില്ലാതെ ജീവന്‍ അപകടത്തില്‍പ്പെടുത്തിയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. അവിടെ സ്ത്രീ കൊല്ലപ്പെട്ടശേഷം നടന്ന കൂടിയാലോചന യോഗത്തിലെ തീരുമാനങ്ങളെ നാട്ടുകാര്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മില്‍ ആശയവിനിമയം നടത്തി ജനങ്ങള്‍ക്ക് സമാധാനം ഉറപ്പുവരുത്തുന്ന നടപടികളാണ് കൈക്കൊള്ളുക.