ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നിഹാരിക കെ എസ്

വ്യാഴം, 12 ഡിസം‌ബര്‍ 2024 (12:12 IST)
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ പലതവണ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്‌ക്കെതിരെ നടി രംഗത്ത്. ഇതിഹാസമായ രാമയാണത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് മാധ്യമം അവരുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 
 
വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നു എന്നും ഈ റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. സായ് പല്ലവി സാധാരണയായി ഒരു നോൺ വെജിറ്റേറിയൻ ആണെന്നും രാമായണത്തിലെ സീതാദേവിയെ അവതരിപ്പിക്കാൻ വേണ്ടി മാത്രമാണ് സായി പല്ലവി സസ്യാഹാരിയായി മാറുന്നതെന്നും ധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു തമിഴ് മാധ്യമമായ സിനിമ വികടന്‍റെ പോസ്റ്റ്. 
 
ഇത് സായ് പല്ലവിയെ ചൊടിപ്പിച്ചു. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത് എന്ന് നടി പറയുന്നു. എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു.

പ്രതികരിക്കാതെ ഇത് നിർത്തുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് എന്‍റെ സിനിമകളുടെ പ്രധാനപ്പെട്ട സമയത്ത്. അടുത്ത തവണ എന്‍റെ പേരില്‍ ഏതെങ്കിലും "പ്രശസ്ത" പേജോ മാധ്യമമോ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിന്‍റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം എന്നാണ് നടി എക്‌സിൽ കുറിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍