മമ്മൂട്ടിക്കൊപ്പം പോത്തൻവാവ എന്ന ചിത്രത്തിൽ ബിജുക്കുട്ടനും നിറഞ്ഞുനിന്നിരുന്നു. ഈ സിനിമയാണ് ബിജുക്കുട്ടന് കരിയർ ബ്രേക്ക് നൽകിയത്. മമ്മൂട്ടിക്കൊപ്പം സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് ബിജുക്കുട്ടൻ. ഒരാളെയും കൊച്ചാക്കാൻ മമ്മൂക്ക സമ്മതിക്കില്ലെന്നും അത് തന്റെ അനുഭവമാണെന്നും അദ്ദേഹം പുതിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'മമ്മൂക്ക ലിറിക്സ് പറഞ്ഞ് അഭിനയിക്കുമ്പോൾ ഞാൻ പുറകിൽ നിന്നും കൈകൊട്ടണം. വെറൊരു പൊസിഷനിൽ വച്ചപ്പോൾ ഞാൻ ആ സീനിൽ ഇല്ലെന്ന് എനിക്ക് മനസിലായി. ഞാൻ വെറുതെ നിന്നു. പക്ഷേ കൊറിയോഗ്രാഫർ എന്നോട് നിങ്ങൾ എന്താ ചത്ത ശവം പോലെ നിക്കുന്നത്. എന്തെങ്കിലും ചെയ്യ് എന്ന് എന്നോട് പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. മാസ്റ്ററെ അടുത്ത് വിളിച്ച് ഇതാരാണെന്ന് അറിയാമോന്ന് മമ്മൂക്ക ചോദിച്ചു. നിങ്ങള് ഉദ്ദേശിച്ച ആളല്ല കേട്ടാ. എന്റെ കൂടെ അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞു.
മാസ്റ്റർ ആകെ മൂഡ് ഓഫായെന്നും പിന്നെ ആക്ഷനൊക്കെ പറഞ്ഞത് പേടിച്ചിട്ടായിരുന്നുവെന്നും ബിജുക്കുട്ടൻ പറയുന്നു. പിന്നെ എന്നെ സാറേന്ന് വിളിച്ച് പുറകെ നടക്കലായി പണി. അതൊക്കെ മമ്മൂക്ക ശ്രദ്ധിക്കും. ഒരാളെയും കൊച്ചാക്കാൻ അദ്ദേഹം സമ്മതിക്കില്ല. ഞാനതന്ന് മനസിലാക്കിയതാണ്. പുള്ളി അന്നെന്നെ ഒരുപാട് പൊക്കി പറഞ്ഞു', ബിജു കുട്ടൻ പറയുന്നു.