അക്കാര്യത്തിൽ എന്റെയും മമ്മൂക്കയുടെയും ടേസ്റ്റ് മാറി, അതുകൊണ്ട് ഇപ്പോൾ സംശയം ചോദിക്കുന്നത് ആ നടനോട്: ഫഹദ് ഫാസിൽ

നിഹാരിക കെ എസ്

ചൊവ്വ, 10 ഡിസം‌ബര്‍ 2024 (10:58 IST)
മമ്മൂട്ടിയുടെ വാഹനപ്രേമം സിനിമ ആസ്വാദകർക്ക് പുത്തനറിവല്ല. മമ്മൂട്ടിക്ക് പിന്നാലെ ദുൽഖർ സൽമാനും നിരവധി വാഹന കളക്ഷൻ ഉണ്ട്. ദുൽഖർ കഴിഞ്ഞാൽ പൃഥ്വിരാജ് ആണ് ഈ ലിസ്റ്റിലുള്ളയാൾ. കാറുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ താൻ ദുൽഖറിനെ വിളിക്കാറുണ്ടെന്ന് ഫഹദ് പറയുന്നു. ദുൽഖറിനോട് ചോദിച്ചിട്ടാണ് താൻ വാഹനം എടുക്കുന്നതെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്.
 
'ഏത് വാഹനം എടുക്കാൻ പ്ലാനുണ്ടെങ്കിലും ഞാൻ ചാലുവിനോടാണ് ചോദിക്കാറുള്ളത്. 'ആ വണ്ടി എടുത്താൽ ശരിയാകുമോ? ഈ വണ്ടി എങ്ങനെയുണ്ട്' എന്നൊക്കെ. ചില സമയത്ത് ഞാൻ രാജുവിനോടും വണ്ടികളെ പറ്റി സംസാരിക്കാറുണ്ട്. രണ്ട് പേരുടെയും കൈയ്യിൽ വണ്ടികളുടെ അപാര കളക്ഷൻ ഉണ്ട്. പക്ഷെ ഇതെല്ലാം ആദ്യം കണ്ടത് മമ്മൂക്കയുടെ അടുത്ത് നിന്നുമാണ്. പുള്ളിയുടെ അടുത്താണ് വലിയ വണ്ടികളൊക്കെ ആദ്യം കണ്ടത്. എന്നാൽ, ഇപ്പോൾ ഞങ്ങൾ രണ്ട് പേരുടെയും ടേസ്റ്റ് മാറി. എനിക്ക് ഇഷ്ടമുള്ള വണ്ടികളല്ല മൂപ്പരുടേത്. അതുപോലെ തന്നെ തിരിച്ചും. അതുകൊണ്ട് ഇപ്പോൾ എല്ലാം ചാലുവിനോടാണ് ചോദിക്കുന്നത്', ഫഹദ് പറയുന്നു.
 
അതേസമയം, ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ എസ്.യു.വി. മോഡലായ ജി-വാഗണാണ് ഫഹദ് ഫാസിൽ ഏറ്റവും ഒടുവിലായി വാങ്ങിയത്. ഇതിന് മുൻപ് ജർമൻ സ്പോർട്സ് കാറായ പോർഷ 911 താരം സ്വന്തമാക്കിയിരുന്നു. ടൊയോട്ട വെൽഫെയർ ആഡംബര വാനും ഫഹദ് ഫാസിൽ വാങ്ങി. ഫഹദിന്റെ വെൽഫെയറിന്റെയും നിറം വെളുപ്പാണ്. 2019-ലാണ് ഫഹദ് ഫാസിൽ ബ്രിട്ടീഷ് ആഡംബര യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ റേഞ്ച് റോവറിന്റെ പ്രധാന എസ്‌യുവി മോഡൽ വാങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍