ഷെര്‍ലക് ഹോംസിനോടുള്ള ആരാധന മൂത്ത് പ്രൈവറ്റ് ഡിറ്റക്ടീവ് ആയി നടക്കുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം. ഷെര്‍ലക് ഹോംസിനെ പോലെ കുറ്റാന്വേഷണത്തില്‍ തല്‍പ്പരനാണെങ്കിലും പേടിയാണ് ഡൊമിനിക് നേരിടുന്ന വെല്ലുവിളി. ഇങ്ങനെയൊരു കഥാപാത്രം വളരെ സങ്കീര്‍ണമായ ഒരു ക്രൈമിനു പിന്നാലെ അന്വേഷണവുമായി സഞ്ചരിക്കുന്നു. അതിനിടയിലെ രസകരമായ സംഭവങ്ങളും ത്രില്ലടിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷനുമാണ് സിനിമയുടെ പ്രധാന ഉള്ളടക്കമെന്നാണ് വിവരം.
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രാജന്റേതാണ് കഥ. വിഷ്ണു ആര്‍ ദേവ് ആണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദര്‍ബുക ശിവ. സുഷ്മിത ബട്ട് ആണ് ചിത്രത്തില്‍ നായിക. ഗോകുല്‍ സുരേഷ്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.