Mammootty-Mohanlal Movie: ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി സംവിധായകന്‍ മഹേഷ് നാരായണന്‍. മമ്മൂട്ടിക്കൊപ്പം സുപ്രധാന വേഷത്തില്‍ തന്നെയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് മഹേഷ് പറഞ്ഞു. മമ്മൂട്ടി-ഫഹദ് ഫാസില്‍ ചിത്രമായാണ് ആദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നും പിന്നീടാണ് ഈ പ്രൊജക്ടിലേക്ക് മോഹന്‍ലാല്‍ എത്തിയതെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനു നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.
' തുടക്കത്തില്‍ മമ്മൂട്ടി സാറിനൊപ്പം ഫഹദ് ഫാസിലിനെ കൂടി ഉള്‍പ്പെടുത്തി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ്, ഞാന്‍ തന്നെയാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഫഹദിനു ചില ഡേറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായി. അതിനുശേഷമാണ് മോഹന്‍ലാല്‍ സാറിനെ ഞങ്ങള്‍ക്കു ലഭിച്ചത്. എന്റെ ശൈലിയുള്ള ഫിലിം മേക്കിങ്ങില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയം പൂര്‍ണമായി ചൂഷണം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല ഇതൊരു ഫാന്‍ ബോയ് നിമിഷം കൂടിയാണ്. തിരക്കഥ ഇഷ്ടമായതോടെ ഇരുവരും സിനിമ ചെയ്യാന്‍ സമ്മതിച്ചു,' മഹേഷ് പറഞ്ഞു.
കമല്‍ഹാസന്റെ തിരക്കഥയില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ് ഇപ്പോള്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പ്രൊജക്ടിലേക്ക് എത്തിയിരിക്കുന്നതെന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മഹേഷ് നല്‍കിയ മറുപടി ഇങ്ങനെ: ' കമല്‍ഹാസന്‍ തിരക്കഥ എഴുതിയ സിനിമയല്ല ഇത്. അത് തികച്ചും വ്യത്യസ്തമായ തിരക്കഥയും കഥയുമാണ്. ഈ സിനിമ പൂര്‍ണമായും എന്റേതാണ്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് ഇത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, രാജീവ് മേനോന്‍, രേവതി തുടങ്ങിയവരും ഈ സിനിമയിലുണ്ട്. ആന്റോ ജോസഫ് പിലിം കമ്പനിയാണ് നിര്‍മാണം,'
' ഫഹദിന്റേയും കുഞ്ചാക്കോ ബോബന്റേയും കേവലം അതിഥി വേഷങ്ങള്‍ അല്ല. അവര്‍ക്ക് ഒരുപാട് പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ആണ്. ലാല്‍ സാറിന്റെ കാര്യത്തിലും അങ്ങനെയാണ്. അദ്ദേഹത്തിന്റേത് ഫുള്‍-ഫ്‌ളഡ്ജ്ഡ് കഥാപാത്രമാണ്. ഈ നടന്‍മാരെ എല്ലാം ഏറ്റവും സാധ്യമായ രീതിയില്‍ അവതരിപ്പിക്കുകയാണ് എന്റെ വെല്ലുവിളി,' മഹേഷ് വ്യക്തമാക്കി.