'വേണ്ടപ്പെട്ട ആളാണ്, ഞങ്ങൾക്ക് തിരിച്ച് തരണം': തിലകനെ കാണാനെത്തിയ മമ്മൂട്ടി ഡോക്ടറോട് പറഞ്ഞത്

നിഹാരിക കെ എസ്

ചൊവ്വ, 3 ഡിസം‌ബര്‍ 2024 (11:31 IST)
മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനാണ് തിലകൻ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ യുവതാരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിലകനുമായി ബന്ധപ്പെട്ട വാർത്തകളിൽ എപ്പോഴും മമ്മൂട്ടിയും ഉണ്ടാകുമായിരുന്നു. ഇരുവരും തമ്മിൽ ശത്രുതയിലാണെന്നും വഴക്കുണ്ടാക്കിയിട്ടുണ്ടെന്നുമൊക്കെ വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ അവർ തമ്മിൽ ശത്രുതയോ പ്രശ്നമോ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ഷോബി തിലകൻ. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
 
"എല്ലാവരും പറയുന്നത് പോലെ അവർ തമ്മിൽ യാതൊരു പ്രശ്നവും ഇല്ല. ശത്രുതയുമില്ല. അതൊക്കെ വേറെ ആളുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. അവർ തമ്മിൽ സൗന്ദര്യ പിണക്കം ഉണ്ട്. അതില്ലാത്ത ആരാണ് ഉള്ളത്. സ്നേഹം ഉള്ളിടത്തെ പിണക്കം ഉണ്ടാകൂ. ഞാൻ മനസിലാക്കുന്നത് മമ്മൂക്കയും അച്ഛനും തമ്മിൽ വളരെ നല്ല ആത്മബന്ധം ആയിരുന്നു എന്നാണ്. ആ സ്നേഹം ഉള്ളത് കൊണ്ടായിരുന്നു അവർ തമ്മിൽ ഇടയ്ക്ക് വഴക്കുണ്ടായിരുന്നത്.
 
അച്ഛൻ ആശുപത്രിയിൽ കിടന്ന സമയത്ത്. 33 ദിവസം കിംസ് ആശുപത്രിയിൽ കിടന്നിട്ടാണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. ആശുപത്രിയിൽ കിടക്കുമ്പോൾ അച്ഛനെ കാണാൻ ഒരുപാട് പേര് വന്നിരുന്നു. അതിലൊന്ന് മമ്മൂക്കയും ദുൽഖറുമാണ്. പക്ഷേ അവർക്ക് അച്ഛനെ കാണാൻ സാധിച്ചില്ല. ഡോക്ടറെ മമ്മൂക്ക കണ്ടു. അദ്ദേഹം അന്ന് ഡോക്ടറോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ്. അതുപോലെ തന്നെ ഞങ്ങൾക്കിങ്ങ് തരണം എന്നാണ് മമ്മൂക്ക പറഞ്ഞത്. ഞാനത് കേട്ടതുമാണ്', എന്നും ഷോബി പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍