ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. വിവാഹം, വിവാഹമോചനം, ഒരുമിച്ചുള്ള ജീവിതം, പിന്തുടര്‍ച്ചാവകാശം, അന്തരാവകാശം തുടങ്ങിയവയിലെല്ലാം പുതിയ മാറ്റങ്ങള്‍ ഇതോടെ നിലവില്‍ വന്നു. രാജ്യത്തുടനീളം ഏകസിവില്‍ കോഡ് നടപ്പിലാക്കുമെന്ന ബിജെപി സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ക്കിടെ ഇതിന്റെ പരീക്ഷണഭൂമി കൂടിയായി ഉത്തരാഖണ്ഡ് മാറും. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന ഉത്തരാഖണ്ഡുകാര്‍ക്കും നിയമം ബാധകമാണ്.
ആദിവാസി വിഭാഗങ്ങളെയും മറ്റ് ചില പ്രത്യേക വിഭാഗങ്ങളെയും ഏകീകൃത സിവില്‍ കോഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിവാഹത്തിനായി പുരുഷന്മാര്‍ 21ഉം സ്ത്രീകള്‍ 18ഉം വയസ് കഴിഞ്ഞിരിക്കുന്നവരാകണം. ജീവിച്ചിരിക്കുന്ന പങ്കാളിയില്ലാത്തവര്‍ക്ക് മാത്രമെ മറ്റൊരു വിവാഹം നടത്താന്‍ സാധിക്കുകയുള്ളു. വിവാഹം കഴിക്കുന്നവര്‍ക്ക് മാനസികപ്രാപ്തി കൂടി വേണം.
നിക്കാഹ് ഹലാലയ്ക്ക് സമ്പൂര്‍ണ്ണ നിരോധനം, വിവാഹബന്ധം വേര്‍പ്പെടുത്തിയ മുസ്ലീം ദമ്പതിമാര്‍ തമ്മില്‍ പുനര്‍ വിവാഹം ചെയ്യണമെങ്കില്‍ അതിലെ വനിതാപങ്കാളീ മറ്റൊരാളെ വിവാഹം ചെയ്ത ശേഷം ബന്ധം വേര്‍പ്പെടുത്തണമെന്ന വ്യവസ്ഥയാണ് നിക്കാഹ് ഹലാല.
വിവാഹം ചെയ്യാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഉത്തരാഖണ്ഡുകാര്‍ ആണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്നവരാണെങ്കില്‍ ഇത് നടത്തണം. തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടവരാണെന്ന സത്യപ്രസ്താവനയോട് കൂടിയാണ് ഇതിനായി രജിസ്റ്റാര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാനത്തിന് പുറത്തുള്ള ഉത്തരാഖണ്ഡുകാരാണ് ഇങ്ങനെ താമസിക്കുന്നതെങ്കില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കണം.
രജിസ്‌ട്രേഷനില്‍ ഒരു മാസം വരെ കാലതാമസമോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ 6 മാസം വരെ തടവും 25,000 രൂപ പിഴയും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ കുട്ടികള്‍ക്ക് നിയമപരമായി വിവാഹിതരായ മാതാപിതാക്കളില്‍ നിന്നുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ടാകും.ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരു സ്ത്രീയെ പങ്കാളി ഉപേക്ഷിച്ചാല്‍ വിവാഹത്തില്‍ ബാധകമായ നഷ്ടപരിഹാരം നല്‍കണം. ബന്ധം അവസാനിപ്പിക്കുമ്പോഴും രജിസ്ട്രാറെ അറിയിക്കുകയും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുകയും വേണം.