രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് എംടി വാസുദേവൻ നായർ നൽകിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി.
തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും എംടിയുടെ അഭിഭാഷകന്‍ കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.
തിരക്കഥ തിരിച്ചു നല്‍കണമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും തിരക്കഥ നൽകി മൂന്ന് വർഷം കഴിഞ്ഞിട്ടും സിനിമയുമായി ബന്ധപ്പെട്ട് ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും എംടി വ്യക്തമാക്കി. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ തിരക്കഥ തിരികെ നൽകുമ്പോൾ മുൻകൂർ വാങ്ങിയ പണം തിരികെ നൽകുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
ചിത്രത്തിന്‍റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടി നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷമാണ് രണ്ടാമൂഴം കഥയാക്കി സംവിധായകന് നൽകിയതെന്നും എന്നാൽ, കഥയുണ്ടാക്കാൻ താൻ കാണിച്ച ആവേശം സിനിമ ചെയ്യുന്നവർക്കില്ലെന്നുമാണ്
എംടിയുടെ പരാതി.
അതിനിടെ, അനുരജ്ഞന ശ്രമവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ എംടിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനായി എത്തേണ്ടിയിരുന്നത്.