ഡൽഹി: വെള്ളിയാഴ്ച വൈകിട്ടോടെ ഇസ്രായേൽ എംബസിയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ഇറാൻ സംഘടനകളൂടെ പങ്ക് അന്വേഷിയ്ക്കുന്നു. എംബസി ഉദ്യോഗസ്ഥർ സ്ഫോടനത്തെ ഭീകരാക്രമണമായി സംശയിയ്ക്കുന്നതിനാൽ അന്വേഷണം ഭീകരവിരുദ്ധ യുണിറ്റിന് ഡൽഹി പൊലീസ് കൈമാറി. സംഭവസ്ഥലത്തുനിന്നും ഇസ്രായേലി അംബാസഡർ എന്നെഴുതിയ ഒരു കവർ ലഭിച്ചിട്ടുണ്ട്. സ്ഫോടനം ട്രെയിലർ മാത്രമാണ് എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖരുടെ പേരുകളും കത്തിൽ ഉള്ളതായാണ് വിവരം, ഈ പശ്ചാത്തലത്തിലാണ് ഇറാൻ സംഘടനകളൂടെ പങ്ക് അന്വേഷിയ്ക്കുന്നത്. അന്വേഷണത്തിൽ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായം ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധത്തിന്റെ 29 ആം വാർഷിക ദിനത്തിലായിരുന്നു സ്ഫോടനം.