ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

രേണുക വേണു

വെള്ളി, 9 മെയ് 2025 (19:13 IST)
ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ ആഘോഷ പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 
 
ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. 'എന്റെ കേരളം' പ്രദര്‍ശന, വിപണന മേളകള്‍ തുടരും. എന്നാല്‍ മേളകളുടെ ഭാഗമായി നടക്കുന്ന വൈകുന്നേരങ്ങളിലെ കലാസാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന മുഖാമുഖം പരിപാടിയും ജില്ലാ യോഗങ്ങളും ആറ് ജില്ലകളിലാണ് നടക്കാനുള്ളത്. ഈ ആറ് ജില്ലകളിലെയും പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. 
 
അതേസമയം ഭീകരാക്രമണത്തിനെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്തു. ഒരു രാജ്യത്തിന്റെ തന്നെ പിന്തുണയോടെ ഭീകരാക്രമണം നടക്കുന്ന സാഹചര്യമാണെന്നും അതിനാല്‍ നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കുമൊപ്പം അണിചേരുക പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍