നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ല, ഒരു പഴവും കഴിച്ചിട്ടുമില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ കോഴികള്‍ ചത്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 മെയ് 2025 (15:06 IST)
നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ലെന്നും ഒരു പഴവും കഴിച്ചിട്ടുമില്ലെന്നും ബന്ധുക്കള്‍. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെ കോഴികള്‍ ചത്തതായി കുടുംബം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. രോഗബാധയ്ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് ആരോഗ്യ വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്. അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി യുവതി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
 
യുവതി അപൂര്‍വമായി മാത്രമേ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂ എന്നാണ് വിവരം. വീട്ടിലെ അംഗങ്ങളായ രണ്ടുപേര്‍ക്ക് നിപയുടെ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ 49 പേരാണുള്ളത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ യുവതിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ആറു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. 
 
സമ്പര്‍ക്ക പട്ടികയിലുള്ള 49 പേരില്‍ 45 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവരാണ്. കഴിഞ്ഞ ദിവസമാണ് മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണ ആശുപത്രിയിലാണ് നിലവില്‍ ഇവര്‍ ചികിത്സയിലുള്ളത്. ഏപ്രില്‍ 25ന് യുവതിക്ക് കടുത്ത പനി വന്നതിനെത്തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. ശ്വാസ തടസ്സവും പനിയും വിട്ടുമാറാതെ വന്നതോടെ പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നെ ഇവരുടെ സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തു.
 
ഭര്‍ത്താവും മക്കളും അടക്കം നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പരിശോധന നടത്തും. മലപ്പുറം ജില്ലയില്‍ മൂന്നാം തവണയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍