Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

രേണുക വേണു

വ്യാഴം, 8 മെയ് 2025 (15:44 IST)
Nipah Virus in Kerala: ഒരിടവേളയ്ക്കു ശേഷം കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. 42 വയസുകാരിയായ രോഗി ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലാണ്. നിപ്പ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. 
 
ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.
 
What is Nipah: എന്താണ് നിപ? 
 
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് നിപ വൈറസ്. പിന്നീട് ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എത്തുന്നു. എന്നാല്‍ കോവിഡില്‍ നിന്ന് വ്യത്യസ്തമായി നിപയുടെ രോഗവ്യാപന സാധ്യത വളരെ കുറവാണ്. അതായത് കോവിഡ് പോലെ പടര്‍ന്നുപിടിക്കുന്ന മഹാമാരിയല്ല നിപ. മറിച്ച് കൃത്യമായ മുന്‍കരുതലുകള്‍ ഉണ്ടെങ്കില്‍ തുടച്ചുനീക്കാന്‍ സാധിക്കുന്ന ഒരു രോഗമാണ്. അതേസമയം നിപയുടെ മരണനിരക്ക് ഭയപ്പെടുത്തുന്നതാണ്. ഏതാണ്ട് 40 മുതല്‍ 75 ശതമാനം വരെയാണ് നിപയുടെ മരണനിരക്ക്. രോഗം ബാധിച്ച വ്യക്തിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെ വേണം നിപയെ നേരിടാന്‍.
 
ശക്തമായ പനിയാണ് നിപയുടെ പ്രധാന ലക്ഷണം. ശ്വാസംമുട്ടല്‍, തലവേദന, ശക്തമായ ശരീരവേദന, കഫക്കെട്ട്, തൊണ്ടവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും. രോഗം മൂര്‍ച്ഛിക്കുന്നതിനു അനുസരിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കല്‍, കോമ അവസ്ഥ, അപസ്മാരം, തലച്ചോറില്‍ നീര്‍ക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും. വൈറസ് ശരീരത്തില്‍ എത്തിയതിനു ശേഷം നാല് മുതല്‍ പതിനാല് വരെ ദിവസങ്ങളിലാണ് രോഗലക്ഷണങ്ങള്‍ കാണിക്കുക. പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ അവസ്ഥ അതീവ ഗുരുതരമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍