പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മലപ്പുറത്ത് അഞ്ചു വയസ്സുകാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 ഏപ്രില്‍ 2025 (10:31 IST)
പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മലപ്പുറത്ത് അഞ്ചു വയസ്സുകാരി മരിച്ചു. മലപ്പുറം സ്വദേശിയ സിയ ഫാരിസ് ആണ് മരിച്ചത്.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. മാര്‍ച്ച് 29നാണ് അഞ്ചുവയസ്സുകാരിക്ക് തെരുവു നായയുടെ കടിയേറ്റത്. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയില്‍ നായ ആക്രമിക്കുകയായിരുന്നു.
 
തലയിലും കാലിലുമാണ് കുട്ടിക്ക് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിക്കും പരിക്കേറ്റിരുന്നു. തെരുവുനായ മറ്റ് അഞ്ചുപേരെ കൂടി അന്ന് കടിച്ചിരുന്നു. മൂന്നു മണിക്കൂറിനുള്ളില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. പിന്നാലെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ തലയില്‍ തെരുവുനായയുടെ കടിയേറ്റതാണ് പ്രതിരോധ വാക്‌സിന്‍ ഫലിക്കാതെ പോയതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.
 
ഐഡിആര്‍വി വാക്‌സിനും ഇമ്മ്യൂണോ ഗ്ലോബിനും കുട്ടിക്ക് നല്‍കിയിരുന്നു. കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ കടിയേറ്റ മറ്റുള്ളവരും ആശങ്കയിലാണ്. കടിയേറ്റവരുടെ സാമ്പിള്‍ കൂടി പരിശോധിച്ചു ആശങ്ക ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍