പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ

വെള്ളി, 9 മെയ് 2025 (20:09 IST)
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം ചൈനീസ് ആര്‍ട്ടിലറി സിസ്റ്റങ്ങള്‍ (SH-15) അന്താരാഷ്ട്ര അതിര്‍ത്തിയിലും ലൈന്‍ ഓഫ് കണ്‍ട്രോള്‍ (LoC) പ്രദേശത്തും വിന്യസിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉയര്‍ന്ന റേഞ്ചും കൃത്യതയുമുള്ള ആയുധങ്ങളാണ് ഇവയെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
2018-2020 കാലയളവില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (PLA) സേനയുടെ ഭാഗമാക്കിയ ഹൗറിറ്റ്‌സര്‍ സിസ്റ്റങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.  2019-ല്‍ പാകിസ്ഥാന്‍ 236 SH-15 സിസ്റ്റങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായി കരാര്‍ ഒപ്പിട്ടിരുന്നു. ചൈനയുടെ നോറിന്‍കോ കമ്പനിയാണ് ഈ സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്നത്. ഈ കമ്പനിയെ യുഎസ് ഒഴികെയുള്ള നിരവധി രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. നേരത്തെ പഹല്‍ഗാം ആക്രമണത്തിലടക്കം ഭീകരര്‍ ചൈനീസ് നിര്‍മിത സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.സൈന്യവും BSF-യും 'സീറോ ഇന്‍ഫില്‍ട്രേഷന്‍' ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടും, ജമ്മു കശ്മീരില്‍ 75ലധികം ഭീകരര്‍ സജീവമാണെന്നാണ് സുരക്ഷാ ഏജന്‍സികളുടെ പുതിയ വിലയിരുത്തല്‍ ഇവരില്‍ ഭൂരിഭാഗവും ലഷ്‌കര്‍-എ-തോയ്ബ (LeT), ജയിഷ്-എ-മുഹമ്മദ് (JeM), ഹിസ്ബുല്‍ മുജാഹിദീന്‍ എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവരാണ്.
 
2019-ല്‍ രൂപീകൃതമായ ദി റെസിസ്റ്റന്‍സ് ഫോഴ്‌സ് (TRF) എന്ന ലഷ്‌കറിന്റെ ഉപസംഘടനയാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ സമീപകാലത്തായി നടത്തിയിട്ടുള്ളത്. സൈനികര്‍ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ TRF ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇതിനിടെ ചൈനീസ് ആര്‍ട്ടിലറി സിസ്റ്റം അതിര്‍ത്തിയില്‍ വിന്യസിക്കുന്നത് മേഖലയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍