ഫ്ലാഷ്‌സെയ്‌ൽ, ഇകൊമേഴ്‌സ് നിയമങ്ങൾക്കെതിരെ ടാറ്റയും ആമസോണും

Webdunia
തിങ്കള്‍, 5 ജൂലൈ 2021 (14:34 IST)
ഓൺലൈൻ വിപണിയില് പുതിയ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ഇ‌കൊമേഴ്‌സ് കമ്പനികൾ. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണും ടാറ്റാ ഗ്രൂപ്പുമാണ് സർക്കാർ നയങ്ങ‌ൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
 
ഉപഭോക്തൃകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ നിരവധി പേരാണ് ചട്ടങ്ങൾ ബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ചിരിക്കുന്നത്. ജൂലൈ 6 വരെയാണ് കരട് നിയമങ്ങളിൽ നിർദേശം സമർപ്പിക്കാനുള്ള സമയം. ഈ തീയതി നീട്ടിയേക്കുമെന്നാണ് വിവരം.
 
ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനായി ജൂൺ 21നാണ് പുതിയ നിയമനിർദേശങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്. ഫ്ലാഷ്‌സെയ്‌ൽ,തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവ നിരോധിക്കാനും പരാതിപരിഹാര സംവിധാനം നിർബന്ധമാക്കാനും കരടിൽ നിർദേശമുണ്ട്. ഇതോടെ നിലവിലെ പ്രവർത്തനരീതികൾ പൊളിച്ചെഴുതാൻ ആമസോണും ഫ്ലിപ്‌കാർട്ടും നിർബന്ധിതരാകും.
 
റിലയൻസ് ഇന്റസ്ട്രീസിന്റെ ജിയോ മാർട്ടും ടാറ്റയുടെ ബിഗ് ബാസ്കറ്റും, സ്നാപ്ഡീലുമൊക്കെ വിപണിയിൽ ഇടപെടൽ ശക്തിപ്പെടുത്താനിരിക്കെയാണ് പുതിയ നിയമങ്ങൾ വരുന്നത്. അതേസമയം കൊവിഡിനെ തുടർന്ന് റീട്ടെയ്‌ൽ മേഖല പ്രതിസന്ധിയായിട്ടുണ്ടെന്നും പുതിയ നിയമത്തിലെ ചില ചട്ടങ്ങൾ ഇപ്പോഴത്തെ നിയമത്തിൽ തന്നെ ഉള്ളതാണെന്നുമെല്ലാം ആമസോൺ വാദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article