റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തുമെന്ന വാര്‍ത്തകള്‍ക്ക് ബലമേറുന്നു. ലോകകപ്പ് അവസാനിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോര്‍ച്ചുഗല്‍ താരവുമായി കരാറിലെത്തിയെന്ന യുവന്റസ് മുന്‍ സിഇഒ സിഇഒ ലൂസിയാനോ മോഗിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജേഴ്‌സിയുടെ ചിത്രം പുറത്തുവന്നതുമാണ് അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമാകാന്‍ കാരണം.
റൊണാള്‍ഡോയ്‌ക്കായി തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന വെള്ളയും കറുപ്പും നിറത്തിലുള്ള ഏഴാം നമ്പര്‍ ജേഴ്‌സിയുടെ ചിത്രം പുറത്തായതും സൂപ്പര്‍താരം റയല്‍ വിടുമെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി.
യുവന്റസിന്റെ ഫാന്‍ പേജായ ‘ഫോര്‍സ യുവന്റസി’ലാണ് ജേഴ്‌സിയുടെ ചിത്രം ആദ്യം വന്നത്. പിന്നാലെ ആരാധകര്‍ ചിത്രവും വാര്‍ത്തയും ഏറ്റെടുക്കുകയായിരുന്നു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.