സുശീലിന്റെ മെഡല്‍ സാവിക്കുള്ള പിറന്നാള്‍ സമ്മാനം!

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2012 (17:26 IST)
PTI
PTI
ലണ്ടന്‍ ഒളിമ്പിക്സ് ഗുസ്തിയില്‍ സുശീല്‍ കുമാര്‍ പൊരുതുമ്പോള്‍ പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമായി ഭാര്യ സാവി അരികില്‍ തന്നെ ഉണ്ടായിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് എത്തിയ സാവിയുടെ മുഖത്ത് ഭാവങ്ങള്‍ മാറി മാറി വന്നു. എതിരാളിയെ മലര്‍ത്തിയടിച്ച് സുശീല്‍ മുന്നോട്ട് കുതിക്കുമ്പോള്‍ സാവി പുഞ്ചിരി തൂകി.

സുശീല്‍ കുമാര്‍ നേടിയ വെള്ളി സാവിക്കുള്ള പിറന്നാള്‍ സമ്മാനമാണ്. ഓഗസ്റ്റ് 14-നാണ് പിറന്നാല്‍, പക്ഷേ സമ്മാനം രണ്ട് ദിവസം മുമ്പ് തന്നെ കിട്ടി. തനിക്ക് കിട്ടിയ ഏറ്റവും മികച്ച സമ്മാനമാണ് ഇത്. ഇതില്‍ ഉപരിയായി തനിക്ക് എന്താണ് കിട്ടേണ്ടതെന്നും സാവി ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷമാണ് സുശീലും സാവിയും വിവാഹിതരായത്. ഇരുവരും ഒരുമിച്ച് കഴിഞ്ഞത് വെറും 45 ദിവസം മാത്രം. തുടര്‍ന്ന് ഒളിമ്പിക്സ് പരിശീലനത്തിനായി സുശീല്‍ സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സോനെപട്ട് സെന്ററിലേക്ക് പുറപ്പെട്ടു. സന്യാസിയുടെ ജീവിതമായിരുന്നു സുശീല്‍ പിന്നീട് നയിച്ചത്. അദ്ദേഹം തന്നെ എടുത്ത തീരുമാനമായിരുന്നു അത്. ഇതിനിടെ തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് ഒരു ദിവസം മാത്രമാണ് സുശീല്‍ വീട്ടില്‍ എത്തിയത്.

സുശീല്‍ ട്രെയിനിംഗ് ക്യാമ്പില്‍ ആയിരുന്നപ്പോള്‍ സാവിക്ക് പ്രാര്‍ത്ഥനയുടെ നാളുകള്‍ ആയിരുന്നു. സുശീല്‍ എളിമയുള്ള വ്യക്തിയാണെന്നും ഈ നേട്ടങ്ങളൊന്നും അദ്ദേഹത്തിന്റെ തലയ്ക്ക് പിടിക്കില്ലെന്നും സാവി പറയുന്നു.