യാത്രയയപ്പ് മത്സരത്തിനെതിരെ മറഡോണ

Webdunia
വെള്ളി, 26 ഫെബ്രുവരി 2010 (15:57 IST)
PRO
അര്‍ജന്‍റീനയെ ലോകകപ്പിന് യാത്രയയക്കാനായി സംഘടിപ്പിക്കുന്ന സന്നാഹ മത്സരത്തിനെതിരെ പരിശീലകന്‍ മറഡോണ നേരിട്ട് രംഗത്തെത്തി. അര്‍ജന്‍റീ‍ന ലോകകപ്പിന് പോവുന്നതിന് തൊട്ടു മുന്‍പ് മെയ് 24നാണ് അര്‍ജന്‍റീനയിലെ റിവര്‍‌പ്ലേറ്റ് സ്റ്റേഡിയത്തില്‍ കാനഡയുമായി സന്നാഹ മത്സരമൊരുക്കിയിരിക്കുന്നത്.

അര്‍ജന്‍റീനിയന്‍ ആരാധകര്‍ക്ക് ടീമിനെ യാത്രയയക്കാനായാണ് മത്സരമെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ ക്ലബ് സീസണ്‍ കഴിഞ്ഞ് തന്‍റെ താരങ്ങള്‍ ഒത്തു ചേര്‍ന്നിട്ടേ ഉണ്ടാവൂ എന്നതിനാല്‍ ഇത്തരമൊരു സന്നാഹ മത്സരം വേണ്ടെന്നും പിന്നീട് യൂറോപ്പില്‍ സൌഹൃദ മത്സരമാവാം എന്നുമാണ് മറഡോണ പറയുന്നത്. ക്ലബ്ബ് സീസണ്‍ കഴിഞ്ഞെത്തുന്ന താരങ്ങള്‍ക്ക് ജൂണ്‍ 11ന് തുടങ്ങുന്ന ലോകകപ്പിന് മുന്നോടിയായി കുറച്ച് വിശ്രമം അനുവദിക്കണമെന്നും മറഡൊണ പറഞ്ഞു.

കാനഡയ്ക്കെതിരേ കളിക്കുന്നതിനെ താ‍ന്‍ ഒരു തരത്തിലും അനുകൂലിക്കുന്നില്ലെന്നും ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മറഡോണ വ്യക്തമാക്കി. എന്നാല്‍ കാനഡയുമായി സന്നാഹ മത്സരം കളിക്കാനായി അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് തവണ ലോക ചാമ്പ്യന്‍‌മാരായിട്ടുളള അര്‍ജന്‍റീന നൈജീരിയ, ദക്ഷിണൊറിയ, ഗ്രീസ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ്. അടുത്ത ആഴ്ച ജര്‍മനിയുമായി അര്‍ജന്‍റീന സൌഹൃദ മത്സരം കളിക്കുന്നുണ്ട്.