മെസ്സിക്കെതിരെ നികുതിവെട്ടിച്ചതിന് കേസ്; ആറുവര്‍ഷം തടവ് ലഭിക്കാന്‍ സാ‍ധ്യതയുള്ള വകുപ്പ്

Webdunia
വ്യാഴം, 13 ജൂണ്‍ 2013 (08:45 IST)
PRO
അര്‍ജന്റീനയുടെ സൂപ്പര്‍ ഫുട്ബോള്‍ താരം ലെയണല്‍ മെസ്സിക്കെതിരെ നികുതി വെട്ടിപ്പിന് സ്പെയിനില്‍ കേസ്. ബാഴ്സിലോണ ക്ലബിന്റെ കളിക്കാരനായ മെസ്സി 2007-09 കാലഘട്ടത്തില്‍ നാല്‍പത് ലക്ഷം യൂറോ (30.69 കോടിരൂപ) നികുതിയായി നല്‍കിയില്ലെന്ന് പറഞ്ഞാണ് സ്പാനിഷ് നികുതി വകുപ്പ് കേസെടുത്തിരിക്കുന്നത്.

ഫുട്ബോള്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് മെസ്സി. ബാഴ്‌സലോണ സംസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മെസ്സിയുടെ ഇടപാടുകളില്‍ 50 ശതമാനം പങ്കാളിത്തമുള്ള മെസ്സിയുടെ പിതാവിനും കേസില്‍ പങ്കാളിത്തം ഉണ്ട്. ആറ് വര്‍ഷം തടവും വലിയൊരു തുക പിഴയും ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകളാണ് മെസിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും യാതൊരു തരത്തിലുള്ള കൃത്രിമങ്ങളും കാണിച്ചിട്ടില്ലെന്നുമായിരുന്നു മെസ്സിയുടെ പ്രതികരണം. നികുതി സംബന്ധമായ കാര്യങ്ങള്‍ ടാക്‌സ് കള്‍സള്‍ട്ടന്റിന്റെ ഉപദേശ പ്രകാരമാണ് നിര്‍വഹിക്കാറ്. അവര്‍തന്നെ വിശദീകരണം നല്‍കും' മെസ്സി പറഞ്ഞു. വിഷയത്തില്‍ ബാഴ്‌സലോണ ഫുട്ബോള്‍ ക്ലബ് ബാര്‍സലോണ പ്രതികരിക്കാന്‍ വിസമ്മതിച്ചു.