പ്രതീക്ഷയോടെ ചെല്‍സിയും ലിവര്‍പൂളും

Webdunia
ബുധന്‍, 25 ഫെബ്രുവരി 2009 (10:27 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് ഇന്ന് ലിവര്‍പൂളിനെ നേരിടും. മത്സരം സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവിലാണെന്നത് റയലിന്‍റെ വിജയസാ‍ധ്യത വര്‍ദ്ധിപ്പിക്കുന്നു. യൂറോപ്യന്‍ ലീഗില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള ലിവര്‍പൂളിന് റയലിനെ തളയ്ക്കനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ചെല്‍‌സിയും യുവെന്‍റെസും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മത്സരം. പുതിയ കോച്ച് ഗുസ് ഹിഡിംഗിന്‍റെ കീഴില്‍ ചാമ്പ്യന്‍സ് ലീഗിലെ ചെല്‍‌സിയുടെ ആദ്യ മത്സരമാണിത്. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിനെ സ്റ്റാം‌ഫോഡ് ബ്രീജില്‍ ആണ് ചെല്‍‌സി എതിരിടുക.

ആഭ്യന്തര പ്രശ്നങ്ങളും മോശം പ്രകടനവും മൂലം പ്രീമിയര്‍ ലീഗില്‍ തന്നെ ഏറെ വിയര്‍പ്പൊഴുക്കിയാണ് ചെല്‍‌സി മൂന്നാം സ്ഥാനത്തെത്തിയത്. ഹിഡിംഗിന്‍റെ കീഴില്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ അവര്‍ വിജയിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ മുത്തമിടാ‍ന്‍ കഴിഞ്ഞിട്ടില്ലാത്ത ചെല്‍‌സി ഇക്കുറി ഹിഡിംഗില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്.

സ്പാനിഷ് ക്ലബ്ബായ വിയ്യാറല്‍ ഗ്രീക്ക് ക്ലബ്ബായ പനതിനായിക്കോസിനെയും സ്പോര്‍ട്ടിംഗ് ലിസ്ബന്‍, ബയണ്‍ മ്യൂനിക്കിനെയും ഇന്ന് നേരിടും.