തെമ്മാടികളായ ആരാധകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അര്‍ജന്റീന!

Webdunia
ഞായര്‍, 22 സെപ്‌റ്റംബര്‍ 2013 (12:51 IST)
PTI
PTI
വാശിയേറിയ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ തെമ്മാടികളായ ആരാധകര്‍ക്ക് ഉണ്ടാക്കുന്ന പുകിലുകള്‍ കുറച്ച് ഒന്നുമല്ല. അതിനാല്‍ ഈ തെമ്മാടിക്കൂട്ടങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഒരുങ്ങുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ബയോമെട്രിക്ക് കാര്‍ഡ് ഉപയോഗിച്ച് ആരാധകരെ നിയന്ത്രിക്കാനാണ് പദ്ധതി.

പദ്ധതി പ്രകാരം ക്ലബുകളുടെ ആരാധകര്‍ ക്ലബ് ഓഫീസുകളില്‍ ചെന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കും. രജിസ്റ്റര്‍ ചെയ്യുന്ന ആരാധകര്‍ക്ക് ബയോമെട്രിക്ക് കാര്‍ഡ് ഓഫീസില്‍ നിന്നും ലഭിക്കുകയും ചെയ്യും.

ഈ ബയോമെട്രിക്ക് കാര്‍ഡില്‍ ആരാധകരുടെ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോയും വിരലടയാളവും ഉള്‍ക്കൊള്ളിച്ചിരിക്കും. ഈ കാര്‍ഡുമായി വരുന്ന ആരാധകര്‍ക്ക് മാത്രമേ സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കൂ.

അര്‍ജന്റീനയില്‍ പത്ത് വര്‍ഷത്തിനിടെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ തെമ്മാടിക്കൂട്ടങ്ങളുടെ അക്രമണത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. തെമ്മാടിക്കൂട്ടങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ പദ്ധതിയ്ക്ക് ആരാധകരുടെ ഇടയ്ക്കും നല്ല പ്രതികരണമാണ്.