ട്രിപ്പിള്‍ തിളക്കവുമായി ചിത്ര

Webdunia
വ്യാഴം, 6 ജനുവരി 2011 (09:36 IST)
PRO
കേരളത്തിന്‍റെ അഭിമാനതാരം പി യു ചിത്രയ്ക്ക് ദേശീയ സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം. ഇതോടെ ദേശീയ സ്കൂള്‍ മീറ്റിലെ ആദ്യട്രിപ്പിള്‍ സ്വര്‍ണ ജേതാവായി ചിത്ര. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഒമ്പതുമിനിറ്റ് 59.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ചിത്ര മൂന്നാം സ്വര്‍ണം നേടിയത്.

ഇതിനുമുമ്പ് 1500, 5000 മീറ്ററുകളിലായിരുന്നു പാലക്കാട്‌ മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ പി യു ചിത്ര സ്വര്‍ണമണിഞ്ഞത്. അതേസമയം, വ്യാഴാഴ്ച രാവിലെ നടന്ന ക്രോസ് കണ്‍ട്രിയില്‍ ചിത്രയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കേരളത്തിന്‍റെ തന്നെ എം ഡി താരയ്ക്ക് ആണ് ഈ ഇനത്തില്‍ സ്വര്‍ണം. പാലക്കാട്‌ പറളി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്‌ താര.

മൂന്നാം ദിനത്തില്‍ 200 മീറ്ററില്‍ കോട്ടയം കുറുമ്പനാടം സെന്‍റ് പീറ്റേഴ്‌സിലെ ജിജിന്‍ വിജയന്‍ സ്വര്‍ണം നേടി. 22.84 സെക്കന്‍ഡിലാണ് ജിജിന്‍ ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ നേരീയ വ്യത്യാസത്തിനായിരുന്നു ജിജിന് സ്വര്‍ണം നഷ്ടമായത്.

നിലവില്‍ 26 സ്വര്‍ണവുമായി ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് കേരളം. 13 വെള്ളിയും 18 വെങ്കലവും ഉണ്ട്. എട്ടുസ്വര്‍ണവുമായി ഹരിയാനയാണ് രണ്ടാംസ്ഥാനത്ത്.