ക്ലൈസ്റ്റേഴ്സിന്‍റെ സമ്മാന‘ദാനം’

Webdunia
ഞായര്‍, 10 ജനുവരി 2010 (16:37 IST)
PRO
അമ്മയായതിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി യു എസ് ഓപ്പണ്‍ കിരീടം നേടി വിസ്മയം സൃഷ്ടിച്ച ബെല്‍ജിയന്‍ താരം കായിക ലോകത്തിന് മറ്റൊരു മാതൃക കൂടി സൃഷ്ടിക്കുന്നു. ബ്രിസ്ബേന്‍ ഇന്‍റര്‍നാഷണലില്‍ കടുത്ത പോരാട്ടത്ത്തിനൊടുവില്‍ സഹതാരം ജസ്റ്റിന്‍ ഹെനിനെ കീഴടക്കി നേടിയ കീരിടത്തിലെ സമ്മാനത്തുക ക്യാന്‍സര്‍ ബാധിച്ച് ജീവിതത്തോട് പോരാടുന്ന കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയ്ക്ക് നല്‍കിയാണ് ക്ലൈസ്റ്റേഴ്സ് കാരുണ്യത്തിന്‍റെ മാതൃകാ താരമായത്.

സമ്മാനത്തുകയായി ലഭിച്ച 37000 ഡോളറാണ് ക്ലൈസ്റ്റേഴ്സ് ബ്രിസ്ബേന്‍ റോയല്‍ ചില്‍‌ഡ്രന്‍സ് ഹോസ്പിറ്റലിന് സംഭാവന ചെയ്തത്. ഒരാഴ്ച മുന്‍പ് ക്ലൈസ്റ്റേഴ്സ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രോഗവുമായി മല്ലിടുന്ന കുട്ടികളുടെ വേദന തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ക്ലൈസ്റ്റേഴ്സ് പറഞ്ഞു.

സംഭാവനകള്‍ കൊണ്ടും സ്പോണ്‍സര്‍മാരെക്കൊണ്ടുമാണ് ആശുപത്രിയില്‍ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ നടക്കുന്നത്. അതിനാല്‍ തന്നെ താന്‍ നല്‍കിയ ചെറിയ തുക ആശുപത്രിയ്ക്ക് ഒരു ഉപകാരപ്രദമാവുമെന്നാണ് പ്രതീക്ഷയെന്നും ക്ലൈസ്റ്റേഴ്സ് വ്യക്തമാക്കി. തന്നെ മാതൃകയാക്കി മറ്റ് താരങ്ങളും രംഗത്തു വരികയാണെങ്കില്‍ അതൊരു നല്ല തുടക്കമായിരിക്കുമെന്നും ക്ലൈസ്റ്റേഴ്സ് വ്യക്തമാക്കി.