കൊച്ചി പഴയ കൊച്ചിയല്ല: കളി പഴയ കളിയുമാവില്ല!

Webdunia
ചൊവ്വ, 22 ജനുവരി 2013 (17:42 IST)
PRO
PRO
കൊച്ചി മാറുകയാണ്, അതുകൊണ്ട് കളിയും കളിക്കളങ്ങളും. പറഞ്ഞുവന്നത് കഴിഞ്ഞ കുറെ ദിവസമായി കൊച്ചിയില്‍ പുകഞ്ഞുകൊണ്ടിരുന്ന വിവാദത്തെക്കുറിച്ചാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തെച്ചൊല്ലി പുകഞ്ഞുകൊണ്ടിരുന്ന തര്‍ക്കമാണ്. പ്രധാനമായും ക്രിക്കറ്റ് മത്സരങ്ങള്‍ക്കു മാത്രമായിരുന്നു സ്റ്റേഡിയം ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇതേച്ചൊല്ലി ഫുട്‌ബോള്‍-ക്രിക്കറ്റ് സംഘടനകളായ കെ‌എഫ്‌എയും കെസി‌എയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കത്തിന് ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടു.

കായികസംഘടനകള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചതിന്റെ പശ്ചാത്തലത്തില്‍ കൊച്ചി സ്റ്റേഡിയത്തില്‍ ഇനി അരങ്ങേറുക കളിയുടെ പൂരമാവും. ഫെബ്രവരി ആറിന് ഫിഫ അംഗീകൃത അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയും പലസ്തീനും ഏറ്റുമുട്ടും. തുടര്‍ന്ന് ഒമ്പതിന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ ഉദ്ഘാടനമത്സരം ഇതേ വേദിയില്‍ അരങ്ങേറും. സി.സി.എല്ലിന്റെ ഉദ്ഘാടനച്ചടങ്ങും ഇവിടെ നടക്കും.

ഫെബ്രവരി 13 മുതല്‍ ഇക്കൊല്ലത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളും തുടങ്ങും. സ്റ്റേഡിയത്തിലെ 'എ' സെക്ടറില്‍ കെസിഎ ഓഫീസിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന 'ക്യാഷ്' കേരള-ക്രിക്കറ്റ് അക്കാദമി ഓഫീസും പോലീസ് കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്നുള്ള വേറെ രണ്ട് മുറികളും കൂടി മത്സരങ്ങളുടെ നടത്തിപ്പുകാലത്ത് ഫുട്‌ബോള്‍ അസോസിയേഷന് ഉപയോഗിക്കാം എന്നതാണ് പുതിയ ധാരണ.

' എ' സെക്ടറില്‍ കെസിഎ ഫര്‍ണിഷ് ചെയ്ത് നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍, മീഡിയ റൂം, ഡ്രസിംഗ് റൂമുകള്‍, ജിം, മെഡിക്കല്‍ റൂം, അമ്പയേഴ്‌സ് റൂം, ടെലിക്കാസ്റ്റ് റൂം തുടങ്ങിയ മറ്റ് സൗകര്യങ്ങളും പൊതുവായി കെഎഫ്എയ്ക്ക് ഉപയോഗിക്കാമെന്ന് നേരത്തെതന്നെ ധാരണയായിരുന്നതാണ്. ഫ്ലഡ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വാങ്ങിയ ജനറേറ്ററുകളും ഫുട്‌ബോള്‍ മത്സരങ്ങളുടെ നടത്തിപ്പിനായി വിട്ടുകൊടുക്കും. ഇന്ധനച്ചെലവ് ഫുട്‌ബോള്‍ അസോസിയേഷന്‍ വഹിക്കണം.