ഓസീസിന് ലങ്കയുടെ ചുട്ടമറുപടി

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (17:13 IST)
PROPRO
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ കംഗാരുക്കള്‍ക്ക് സിംഹങ്ങളുടെ വക ചുട്ടമറുപടി. കരുത്തരായ ഓസ്ട്രേലിയയുടെ ജയപരമ്പര അവസാന ലീഗ് മത്സരത്തില്‍ 13 റണ്‍സിനാണ് ശ്രീലങ്ക അവസാനിപ്പിച്ചത്. ലോക ചാമ്പ്യന്‍‌മാരെ മുട്ടു കുത്തിച്ചതിന്‍റെ അഹങ്കാരവുമായി ഇനി ശ്രീലങ്കയ്‌ക്ക് മടങ്ങാം.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 50 ഓവറില്‍ 222 റണ്‍സിനു പുറത്താക്കിയതിനു മറുപടിയായി അതേ നാണയത്തില്‍ ലങ്കന്‍ ബൌളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ 209 റണ്‍സിന് കംഗാരു ഇന്നിംഗ്‌സ് വീണുപോയി. അത്യന്തം ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ച മത്സരത്തില്‍ ഇരു ടീമിലെയും ബൌളര്‍മാര്‍ നടത്തിയ രാജകീയ പ്രകടനമായിരുന്നു മികച്ചത്.

ഓസ്ട്രേലിയന്‍ നിരയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ആദം ഗില്‍‌ക്രിസ്റ്റിന്‍റെ പോരാട്ടം പാഴായി. 83 റണ്‍സ് എടുത്ത ഗില്ലി 11 ഫോറുകളും 2 സിക്‍സുകളുമായി തകര്‍പ്പന്‍ ഫോമിലായിരുന്നു. എന്നാല്‍ ഈ മികവ് പിന്നാലെ വന്നവര്‍ക്ക് സാധ്യമായില്ല. 173 റണ്‍സിന് ഒമ്പതു വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയെ വിജയതീരത്തേക്ക് ബ്രെറ്റ് ലീയും (37) ബ്രാക്കനും (14) വലിച്ചോണ്ട് പോയെങ്കിലും ജയസൂര്യയുടെ നാല്‍പ്പത്തൊമ്പതാം ഓവറിലെ ആദ്യപന്ത് കഥ മാറ്റി. ലീ ക്ലീന്‍ ബൌള്‍ഡ്.

ഓപ്പണര്‍ ജയിംസ് ഹോപ്‌സ് (28), ബ്രാഡ് ഹോഗ് (21) എന്നിവരൊഴികെ പേരുകേട്ട ഓസ്ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് ആര്‍ക്കും തന്നെ രണ്ടക്കം പോലും സ്വന്തമാക്കാനായില്ല. നായകന്‍ റിക്കി പോണ്ടിംഗ് ഒരു റണ്‍സിനു പുറത്തായെങ്കില്‍ എപ്പോഴത്തെയും രക്ഷകന്‍‌‌മാരായ മൈക്കല്‍ ക്ലാര്‍ക്ക്, സൈമണ്‍സ് എന്നിവര്‍ക്ക് അക്കൌണ്ട് തുറക്കാന്‍ പോലുമായില്ല.

മൈക്കല്‍ ഹസി (നാല്), ബ്രാഡ് ഹാഡിന്‍ (ഏഴ്), മിച്ചല്‍ ജോണ്‍സണ്‍ (മൂന്ന്) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍. ശ്രീലങ്കയ്‌ക്കായി അമരസിംഗെ മൂന്നും മുരളീധരന്‍, കുലശേഖര എന്നിവര്‍ രണ്ടും കപുഗദെരെ, ജയസൂര്യ, മലിംഗ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. നേരത്തേ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയേയും ഓസീസ് ഇതു പോലെ തകര്‍ത്തു കളയുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ബ്രാക്കനായിരുന്നു ലങ്കയ്‌ക്ക് ആഘാതമേല്‍പ്പിച്ചത്

മുന്‍ നിര വിക്കറ്റുകളെല്ലാം കുറഞ്ഞ സ്കോറിനു വീണപ്പോള്‍ നായകന്‍ ജയവര്‍ദ്ധനെ കണ്ടെത്തിയ അര്‍ദ്ധ ശതകവും മദ്ധ്യനിര താരം ദില്‍‌‌ഷന്‍റെ ബാറ്റിംഗ് മികവുമായിരുന്നു ലങ്കയെ താങ്ങി നിര്‍ത്തിയത്. ദില്‍‌ഷന്‍ 62 റണ്‍സും ജയവര്‍ദ്ധനെ 50 റണ്‍സും നേടി. അതേ സമയം ഓസ്ട്രേലിയയില്‍ അവസാന മത്സരം കളിക്കുന്ന ജയസൂര്യയ്‌ക്ക് 23 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. തകര്‍പ്പനടികളിലൂടെ പ്രതാപ കാലം ഓര്‍മ്മിപ്പിച്ച ഗില്ലിയായിരുന്നു കളിയിലെ കേമന്‍.

സ്കോര്‍ബോര്‍ഡ്