ഇന്ത്യയ്‌ക്ക് വിക്കറ്റ് വീഴ്ച

Webdunia
PROPRO
സംഭവ ബഹുലമായ മൂന്നാം ദിനത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യ കീഴടങ്ങാനുള്ള പ്രവണത കാട്ടിത്തുടങ്ങി. ആദ്യ ഇന്നിംഗ്‌സ് ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ രണ്ട് വിക്കറ്റുകളാണ് നാലാം ദിനത്തില്‍ വീണത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ സ്കോര്‍ 516 ആയി. ദക്ഷിണാഫ്രിക്കന്‍ സ്കോറില്‍ എത്താന്‍ 40 റണ്‍സ് വേണം.

കഴിഞ്ഞ ദിവസം ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ച വീരേന്ദ്ര സെവാഗാണ് നാലാം ദിനം രാവിലെ തന്നെ പുറത്തായ ആദ്യ ബാറ്റ്‌സ്‌മാന്‍. ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോര്‍ കുറിച്ച സെവാഗിനു 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. ബൌളര്‍മാരെ പൊള്ളിച്ച സെവാഗ് എന്‍റിനിയുടെ പന്തില്‍ മക്കന്‍‌സിയുടെ കയ്യില്‍ കുരുങ്ങി.

തൊട്ടു പിന്നാലെയെത്തിയ സച്ചിന് അക്കൌണ്ട് തുറക്കാന്‍ പോലുമായില്ല. അതിനു മുമ്പ് തന്നെ സച്ചിനെ എന്‍റിനി കാലിസിന്‍റെ കയ്യില്‍ എത്തിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി മുന്‍ നായകന്‍‌മാരായ സൌരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമാണ് ക്രീസില്‍. സെഞ്ച്വറി ലക്‍ഷ്യമാക്കി കുതിക്കുന്ന ദ്രാവിഡ് 80 റണ്‍സും ഗാംഗുലി 19 റണ്‍സുമായും ബാറ്റ് ചെയ്യുന്നു.

നേരത്തെ വസീം ജാഫറുമായി ബാറ്റിംഗ് തുടങ്ങിയ സെവാഗ് ഏറ്റവും വേഗമാര്‍ന്ന ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്ക് നഷ്ടമായ ഏക വിക്കറ്റ് വസീം ജാഫറുടെതായിരുന്നു. ജാഫറെ 73 റണ്‍സിനു പോള്‍ ഹാരിസിന്‍റെ പന്തില്‍ കാലിസ് പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 540 ആണ്.

സ്കോര്‍ബോര്‍ഡ്