മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധന നിരക്കില്‍ ഒരു രൂപ പോലും ഇളവ് തരാതെ കേന്ദ്ര സര്‍ക്കാര്‍. ദുരന്തബാധിത മേഖലയിലെ ഡിഎന്‍എ പരിശോധനയ്ക്കു സംസ്ഥാന സര്‍ക്കാര്‍ പണം അടയ്ക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടു മാസം പരിശോധന നടത്തിയില്ല. തുടര്‍ന്ന് 27.69 ലക്ഷം രൂപ രാജീവ് ഗാന്ധി സെന്ററിനു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഡിഎന്‍എ പരിശോധന സൗജന്യമായി നടത്തുമെന്നാണു ദുരന്തസ്ഥലം സന്ദര്‍ശിച്ച കേന്ദ്രസംഘം അറിയിച്ചിരുന്നത്.
കണ്ണൂര്‍ റീജനല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണു ദുരന്തത്തില്‍ മരിച്ചവരുടെ ശരീരഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധന നടത്തിയത്. മാംസഭാഗങ്ങളും എല്ലും ഉള്‍പ്പെടെ 431 പോസ്റ്റ്‌മോര്‍ട്ടം സാംപിളുകളാണു പരിശോധനയ്ക്കായി കണ്ണൂര്‍ ലാബിലെത്തിച്ചത്. കാണാതായവരുടെ 172 ബന്ധുക്കളുടെ രക്തസാംപിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിനു ആരംഭിച്ച പരിശോധനയില്‍ 223 ഡിഎന്‍എ സാംപിളുകള്‍ തിരിച്ചറിഞ്ഞു. 133 രക്തസാംപിളുകളും പരിശോധിച്ചു.
അവശേഷിച്ച 208 സാംപിളുകളും കണ്ടെത്താനുള്ളവരുടെ ബന്ധുക്കളുടെ 39 രക്തസാംപിളുകളും പിന്നീട് രാജീവ് ഗാന്ധി സെന്ററിലേക്കു അയച്ചു. ഈ പരിശോധനകള്‍ക്കാണ് കേന്ദ്രം മുഴുവന്‍ പണം ആവശ്യപ്പെട്ടത്. ദുരന്തബാധിതര്‍ക്ക് കേന്ദ്രം ഇതുവരെ യാതൊരു സഹായവും നല്‍കിയിട്ടില്ല. കേന്ദ്ര അവഗണനയ്‌ക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഞെക്കി പിഴിയല്‍.