മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ചുമതലയേറ്റു, ഷിന്ദേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാർ

അഭിറാം മനോഹർ

വ്യാഴം, 5 ഡിസം‌ബര്‍ 2024 (18:51 IST)
10 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.എന്‍സിപി നേതാവ് അജിത് പവാര്‍, ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദെ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു.
 
രാഷ്ട്രീയ, വ്യവസായ, സിനിമാ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ക്കൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
 
 ബോളിവുഡില്‍ നിന്നും ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയവരും ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ആനന്ദ് അംബാനി തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍