France Political Crisis: ഫ്രാന്‍സില്‍ ഇടതുപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ സ്ഥാനമൊഴിഞ്ഞ മിഷേല്‍ ബാര്‍ണിയയ്ക്കു പകരം പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അതേസമയം പ്രസിഡന്റ് സ്ഥാനം താന്‍ ഒഴിയില്ലെന്നും കാലാവധി പൂര്‍ത്തിയാകുന്ന 2027 വരെ തല്‍സ്ഥാനത്തു തുടരുമെന്നും മാക്രോണ്‍ വ്യക്തമാക്കി.
മാക്രോണും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസിഡന്റ് പദവിയില്‍ താന്‍ തുടരുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ മാക്രോണ്‍ പറഞ്ഞു. ' അഞ്ച് വര്‍ഷത്തേക്കുള്ള ജനാധിപത്യപരമായ വിധിയാണ് നിങ്ങള്‍ എനിക്ക് നല്‍കിയത്. ഞാന്‍ എന്റെ കാലാവധി കഴിയും വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ പുതിയ പ്രധാനമന്ത്രിയെ നിയമിക്കും. പൊതുജന താല്‍പര്യം കണക്കിലെടുത്ത് ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയാകും അദ്ദേഹത്തിന്റെ ദൗത്യം,' മാക്രോണ്‍ പറഞ്ഞു.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസാകാന്‍ 288 വോട്ടുകളാണ് വേണ്ടിയിരുന്നത്. 331 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു. ഇതോടെ ഏറ്റവും കുറഞ്ഞകാലം അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയായി ബാര്‍ണിയ മാറി. മൂന്ന് മാസം മാത്രമാണ് ബാര്‍ണിയയ്ക്ക് ഭരണത്തിലിരിക്കാന്‍ സാധിച്ചത്.