ഡോളറിനെ തൊട്ടാൽ വിവരമറിയും, ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

അഭിറാം മനോഹർ

ഞായര്‍, 1 ഡിസം‌ബര്‍ 2024 (13:55 IST)
ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ 100 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ക്കാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ ഡോളറിന് പകരം മറ്റ് കറന്‍സികളെ പിന്തുണയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ 100 ശതമാനം നികുതി ചുമത്തുമെന്നാണ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്.
 
ഇക്കാര്യത്തില്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ ഉറപ്പ് നല്‍കണം. മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിട പറയേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വിനിമയത്തിന് ഡോളറല്ലാതെ മറ്റ് കറന്‍സികള്‍ ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ നടന്നിരുന്നുവെങ്കിലും ഡീ ഡോളറൈസേഷന്‍ എന്നത് പരിഗണനയില്‍ ഇല്ലെന്നാണ് ഇന്ത്യയും റഷ്യയും വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍