കാലി ലോറിയില്‍ സിമന്റ് ലോറി ഇടിച്ചു, നിയന്ത്രണം വിട്ട വാഹനം കുട്ടികളുടെ ദേഹത്തേക്ക്; വിങ്ങിപ്പൊട്ടി കൂട്ടുകാര്‍

രേണുക വേണു

വ്യാഴം, 12 ഡിസം‌ബര്‍ 2024 (18:32 IST)
Kalladikkode Accident

കല്ലടിക്കോട് നാല് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട അപകടത്തിനു കാരണം സിമന്റ് ലോറിയുടെ അമിത വേഗമെന്ന് ദൃക്‌സാക്ഷികള്‍. ഒരു കാലി ലോറിയില്‍ സിമന്റ് ലോറി ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സിമന്റ് ചാക്കുകളുടെ ഭാരത്തിനൊപ്പം ലോറിയുടെ അമിത വേഗവും കൂടിയായപ്പോള്‍ പൂര്‍ണമായി നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് സൂചന. കുത്തനെയുള്ള ഇറക്കവും 'റ' പോലെയുള്ള വളവുമാണ് അപകടം നടന്ന റോഡിലേത്. അമിത വേഗത്തില്‍ അല്ലെങ്കിലും ഭാരമുള്ള വാഹനങ്ങള്‍ക്കു നിയന്ത്രണം നഷ്ടപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
 
സിമന്റ് ലോറി നിയന്ത്രണം വിട്ട് വിദ്യാര്‍ഥികള്‍ക്കു മുകളിലേക്ക് മറിയുകയായിരുന്നു. സ്‌കൂളില്‍ നിന്ന് ക്രിസ്മസ് പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. അഞ്ച് കുട്ടികളാണ് ആ സമയത്ത് റോഡ് സൈഡിലൂടെ പോയിരുന്നത്. ഒരു വിദ്യാര്‍ഥി അല്‍പ്പം മുന്‍പില്‍ ആയിരുന്നതു കൊണ്ട് നേരിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മറ്റു നാല് കുട്ടികളാണ് ലോറി മറിഞ്ഞ് കൊല്ലപ്പെട്ടത്. 
 
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് ദേശീയപാതയില്‍ വൈകിട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്. 
 
സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പാലക്കാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ സംഭവസ്ഥലത്തേക്ക് പോകാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍