'ഇനി ധൈര്യമായി സിനിമ ചെയ്യാം'; സുരേഷ് ഗോപിക്ക് ദേശീയ നേതൃത്വത്തിന്റെ അനുമതി

രേണുക വേണു

വെള്ളി, 6 ഡിസം‌ബര്‍ 2024 (08:10 IST)
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കി. കേന്ദ്രമന്ത്രിയായതിനാല്‍ തോന്നുന്ന പോലെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ബിജെപി ദേശീയ നേതൃത്വം. സുരേഷ് ഗോപിയുടെ തുടര്‍ച്ചയായുള്ള ആവശ്യത്തെ തുടര്‍ന്നാണ് ഒടുവില്‍ ദേശീയ നേതൃത്വം വിട്ടുവീഴ്ചയ്ക്കു തയ്യാറായത്. 
 
സിനിമയില്‍ അഭിനയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം തത്വത്തില്‍ ഉള്ള അനുമതിയാണ് സുരേഷ് ഗോപിക്കു നല്‍കിയത്. ആദ്യ ഷെഡ്യൂളില്‍ എട്ട് ദിവസം അനുവദിച്ചു. കഥാപാത്രമാകാന്‍ അദ്ദേഹം വീണ്ടും താടി വളര്‍ത്തി തുടങ്ങി. 
 
അഭിനയം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു സുരേഷ് ഗോപിക്ക്. കേന്ദ്രമന്ത്രി ആകും മുന്‍പ് അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്‍കിയ സിനിമകളും ഉണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അനുമതിയില്ലെങ്കില്‍ കേന്ദ്രമന്ത്രി സ്ഥാനം അടക്കം ഉപേക്ഷിക്കേണ്ടി വരുമെന്ന നിലപാടിലായിരുന്നു താരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരോടു സുരേഷ് ഗോപി തന്റെ നിസഹായാവസ്ഥ പങ്കുവെച്ചിരുന്നു. 
 
ഒറ്റക്കൊമ്പന്‍ എന്ന മാസ് സിനിമയിലാണ് സുരേഷ് ഗോപി അഭിനയിക്കാന്‍ പോകുന്നത്. ഈ സിനിമയുടെ കഥാപാത്രത്തിനായി താരം നേരത്തെ താടി വളര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കാത്തതിനാല്‍ ഷൂട്ടിങ് നീണ്ടു. അനുമതി അനിശ്ചിതത്വത്തില്‍ ആയ സാഹചര്യത്തില്‍ കഴിഞ്ഞ മാസം സുരേഷ് ഗോപി താടി ഉപേക്ഷിച്ചിരുന്നു. അഭിനയിക്കാന്‍ വീണ്ടും അനുമതി ലഭിച്ചതിനാല്‍ താരം ഒറ്റക്കൊമ്പനു വേണ്ടി താടി വളര്‍ത്താന്‍ തുടങ്ങി. ഈ മാസം 29 മുതല്‍ ജനുവരി അഞ്ച് വരെയായിരിക്കും സുരേഷ് ഗോപി ഒറ്റക്കൊമ്പനില്‍ അഭിനയിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍