കാല്‍ നൂറ്റാണ്ടിനു ശേഷം ‘ചെങ്കോട്ട’ തകര്‍ന്നു, മോദിയുടെ കരുത്തില്‍ കാവിയണിഞ്ഞ് ത്രിപുര; ബിജെപി 43, സിപിഎം 16

Webdunia
ശനി, 3 മാര്‍ച്ച് 2018 (12:52 IST)
കാൽ നൂറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുര ബിജെപി പിടിച്ചെടുത്തു. 59 മണ്ഡലങ്ങളിലെ ഫലസൂചനകൾ പുറത്തുവന്നപ്പോള്‍ 43 സീറ്റുകളില്‍ ബിജെപി ജയം സ്വന്തമാക്കിയപ്പോള്‍ സിപിഎം 16 സീറ്റുകളിലേക്ക് ഒതുങ്ങി.

കഴിഞ്ഞ തവണ 10 സീറ്റുകളുമായി പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ചിത്രത്തിൽ പോലുമില്ല.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ ഒരു സീറ്റു പോലുമില്ലാതിരുന്ന ബിജെപിയാണ് നാൽപതോളം സീറ്റുകളുമായി സിപിഎമ്മിനെ ഞെട്ടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മണിക് സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഭാവം ബിജെപിയുടെ മുന്നില്‍ ഇത്തവണ തരിപ്പണമായി.

ലീഡ് നില മാറിമറിഞ്ഞു വോട്ടെണ്ണലിന്റെ ഒരവസരത്തിൽ സിപിഎമ്മിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നെങ്കിലും  മിനിറ്റുകള്‍ക്കുള്ളില്‍ ബിജെപി തിരിച്ചു വരികയായിരുന്നു. സിപിഎമ്മിന്റെ സ്ഥിരം മണ്ഡലങ്ങളില്‍ പോലും അതിശയിപ്പിക്കുന്ന വിജയമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി സ്വന്തമാക്കിയത്.

പരമ്പരാഗത വോട്ടുകള്‍ നഷ്‌ടമായതിനൊപ്പം ഗോത്രവിഭാഗങ്ങളും കൈവിട്ടതും നഗരപ്രദേശങ്ങളെല്ലാം ബിജെപിക്കൊപ്പം നില്‍ക്കുകയും ചെയ്‌തതാണ് സിപിഎമ്മിന് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി മണിക് സർക്കാർ പോലും പിന്നിൽ പോകുന്ന സ്ഥിതിയിൽ സിപിഎം എത്തിയിരുന്നു.

യുവജനങ്ങളുടെ പൂർണമായ പിന്തുണ ബിജെപിക്ക് ലഭിച്ചുവെന്ന് ത്രിപുരയിലെ തെരഞ്ഞെടുപ്പ് നൽകുന്ന ചിത്രം. 25 വർഷം തുടർച്ചയായി സംസ്ഥാനം ഭരിച്ച സിപിഎമ്മിനെതിരേ കടുത്ത ഭരണവിരുദ്ധ വികാരവും നിലനിന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article