കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റല്‍ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകള്‍ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
അതിദരിദ്രര്‍ ഇല്ലാത്ത കേരളം ലക്ഷ്യമിട്ട സര്‍ക്കാരിന് സംസ്ഥാനത്തെ 46,197 കുടുംബങ്ങളെ ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവ കണ്ടെത്തി ഭാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചു. 1160 കോടി രൂപ ഇക്കുറി വകയിരുത്തിയ ലൈഫ് പദ്ധതിയില്‍ നിലവില്‍ 4,29,425 വീടുകള്‍ പൂര്‍ത്തിയാക്കി ആറര ലക്ഷം വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്.
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി നീങ്ങുന്ന സര്‍ക്കാരിന് 2023മാര്‍ച്ച് മുതല്‍ 2024 നവംബര്‍ വരെയുള്ള കാലയളവില്‍ വാതില്‍പ്പടി ശേഖരണം 47 ശതമാനത്തില്‍ നിന്നും 90 ശതമാനം ആയി വര്‍ദ്ധിപ്പിക്കുന്നതിന് കഴിഞ്ഞു. യൂസര്‍ഫീ ശേഖരണം, ഹരിത കര്‍മ്മ സേന അംഗങ്ങളുടെ എണ്ണം, മിനി എം സി എഫുകള്‍, എംസി എഫുകള്‍ എന്നിവയുടെ എണ്ണത്തിലും വര്‍ദ്ധന ഉണ്ടായി. ബ്രഹ്മപുരം ഉള്‍പ്പെടെ പത്തോളം മാലിന്യ കൂമ്പാരങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ണ്ണമായും നീക്കം ചെയ്യും.
പ്രാദേശിക ഭരണ നിര്‍വ്വഹണം കടലാസ് രഹിതമാക്കി ഓണ്‍ലൈനാക്കാന്‍ കൊണ്ടുവന്ന കെ സ്മാര്‍ട്ട് പദ്ധതി നിലവില്‍ എല്ലാ കോര്‍പ്പറേഷന്‍ നഗരസഭകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തി വരുന്നു. അത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വ്യാപിപ്പിക്കും. നിലവില്‍ 27.92 ലക്ഷം ഫയലുകള്‍ വന്നതില്‍ 20.74 ലക്ഷത്തില്‍ അധികം ഫയലുകളും തീര്‍പ്പാക്കാന്‍ കെ സ്മാര്‍ട്ട് വഴി കഴിഞ്ഞു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യവുമായി പഞ്ചായത്ത് നീങ്ങുകയാണ്. വൈകാതെ രാജ്യത്തെ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി കേരളത്തെ മാറ്റിയുള്ള പ്രഖ്യാപനം ഉണ്ടാകും.
2025മാര്‍ച്ചോടെ സംസ്ഥാന സര്ക്കാര്‍ നഗരനയ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്തര്‍ദേശീയ നഗര വികസന സമ്മേളനം സര്ക്കാര് ഈ വര്‍ഷം തന്നെ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം അദാലത്ത് നടത്തുന്നതിന്റെ ഭാഗമായി വെബ് പോര്‍ട്ടല്‍ വഴി ആര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം.തദ്ദേശ വകുപ്പ് മന്ത്രി തന്നെ നേരിട്ടെത്തി എല്ലാ ജില്ലകളിലും കോര്‍പറേഷന്‍