25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ഫെബ്രുവരി 2025 (12:36 IST)
25 കുട്ടികള്‍ മാത്രം പഠിക്കുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക തസ്തികകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് കേരളത്തിലെ 40 ഓളം സ്‌കൂളുകളെ ബാധിക്കുമെന്നാണ് കണക്ക്. ഹയര്‍സെക്കന്‍ഡറി പോസ്റ്റ് ഡിറ്റര്‍മിനേഷന്‍ റിപ്പോര്‍ട്ട് വിവിധ ജില്ലകളിലായി 420 അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 210 അധ്യാപകരെ പുനര്‍ വിന്യസിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 
 
ഇത് ബാധിക്കുന്ന സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരെ മറ്റ് സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റാനാണ് തീരുമാനം. എന്നാല്‍, വിദ്യാര്‍ഥികള്‍ കുറവുള്ള ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ അന്തിമരൂപമായിട്ടില്ല. ഇത്തരം സ്‌കൂളുകളില്‍ സ്ഥിരം ജീവനക്കാരെ ഒഴിവാക്കി ഗസ്റ്റ് അധ്യാപകരെ ഉള്‍പ്പെടുത്തി അടുത്ത അധ്യയന വര്‍ഷവും പഠനം തുടരും. അതേസമയം, ചില സ്‌കൂളുകളില്‍ ഒരു ബാച്ചില്‍ 65 കുട്ടികള്‍ വരെ പഠിക്കുമ്പോള്‍ സമീപത്തെ സ്‌കൂളുകളില്‍ ഒരു ബാച്ചില്‍ 25 കുട്ടികള്‍ മാത്രമാണുള്ളത്. 
 
എന്നാല്‍ ഈ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഔദ്യോഗികമായി തസ്തികകള്‍ നിര്‍ത്തലാക്കാന്‍ പ്രത്യേക ഉത്തരവിറക്കണമെന്നും അധ്യാപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍