അവനുറക്കെ വിളിച്ചു പറഞ്ഞു. 'സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്'. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ഉയര്‍ത്തലിന് ശേഷം മൈക്കിലൂടെ കേട്ട മുദ്രാവാക്യങ്ങൾ ഒന്നും തെറ്റാതെ രണ്ടരവയസ്സുകാരൻ ഷനാൻ വിളിക്കുകയായിരുന്നു.
ആരേയും നോക്കാതെ മുത്തച്ഛന്റെ തോളിലിരുന്ന് അവൻ മുദ്യാവാക്യങ്ങൾ വിളിച്ച് പറയുന്നത് അടുത്തള്ളവർ കൗതുകത്തോടെയും ചിരിയോടേയുമാണ് നോക്കുന്നത്. “ഈ കൊടി ഞങ്ങടെ പുന്നാര കൊടി ..വാനിലുയര്‍ന്ന് പറക്കട്ടെ..സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്.. പുതിയൊരിന്ത്യ പിറക്കട്ടെ..ഇന്‍ക്വിലാബ് സിന്ദാബ്…” അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
കൂടെയുള്ള ആരോ വീഡിയോ പിടിച്ച് സോഷ്യൽ മീഡിയകളിൽ ഇട്ടതോടെ കുഞ്ഞ് ഷനാൻ താരമായി. മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനിടെയാണ് കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശിയായ രണ്ടരവയസ്സുകാരന്‍ ഷനാന്‍ മുത്തച്ഛന്റെ തോളിരുന്ന് മുദ്രാവാക്യം വിളിച്ചത്.