ഗോദ്രപോലെ ബിജെപി ആസൂത്രണം ചെയ്ത മറ്റൊരു ആക്രമണമായിരുന്നു പുല്‍വാമ ഭീകരാക്രമണമെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല. പുല്‍വാമ ആക്രമണത്തിനു ഉപയോഗിച്ച അർഡിഎക്‌സ് നിറച്ച വണ്ടിയില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ നമ്പറുകളായ ജി, ജെ എന്നിവ ഉണ്ടായിരുന്നതായും ശങ്കര്‍സിങ് വഗേല ആരോപിക്കുന്നു.
തെരെഞ്ഞെടുപ്പിനു വിജയിക്കാന്‍ വേണ്ടിയാണ് ബിജെപി സര്‍ക്കാര്‍ തീവ്രവാദം ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നിരവധി തീവ്രവാദ ആക്രമണങ്ങളാണ് ഉണ്ടായതെന്നും വഗേല മാധ്യമങ്ങളോട് പറഞ്ഞു.
‘ബാലക്കോട്ട് വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. 200 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു അന്തരാഷ്ട്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാലകോട്ട് വ്യോമാക്രമണം ആസൂത്രിത ഗൂഢാലോചനയാണ്. അത് സങ്കല്‍പ്പത്തില്‍ മാത്രം സംഭവിച്ചതാണ്.പുല്‍വാമയില്‍ ആക്രമണം നടക്കുമെന്ന് ഇന്റ്ലിജൻസിന്റെ വിവരങ്ങള്‍ ലഭിച്ചതിനു ശേഷവും മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടില്ല. ബാലക്കോട്ടിനെ കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഈ ക്യാംപുകള്‍ക്കെതിരെ നടപടി എടുത്തില്ല. പുല്‍വാമപോലെ എന്തെങ്കിലും സംഭവിക്കാന്‍ എന്തിനു കാത്തിരുന്നു’- ശങ്കര്‍സിങ് വഗേല ചോദിച്ചു.
ബിജെപിക്ക് എല്ലാ കാര്യങ്ങളിലും പങ്കുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിയാണ് അതിര്‍ത്തിയില്‍ സംഘട്ടനമുണ്ടാക്കുന്നതെന്നും വഗേല പറഞ്ഞു.ബിജെപിയുടെ ഗുജറാത്ത് മോഡല്‍ പരാജയമാണ്. ബിജെപി നേതാക്കള്‍ എല്ലാവരും അസ്വസ്ഥരാണ്. അടിമത്തൊഴിലാളികളെ പോലെയാണെന്നാണ് അവര്‍ക്ക് തോന്നുന്നതെന്നും വഗേല പറഞ്ഞു.